വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അവസാനിപ്പിച്ച് ഓഫീസുകളിലേക്ക് തിരിച്ച് വരാൻ ജീവനക്കാരോട് ആവശ്യപ്പെട്ട് ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌ക്. തിരിച്ച് സ്ഥാപനങ്ങളിൽ എത്തിയില്ലെങ്കിൽ പണി നിർത്തി വീട്ടിലിരുന്നോളാൻ ആണ് മസ്കിന്റെ നിർദേശം. ജീവനക്കാർക്ക് ടെസ്‌ല കമ്പനി അയച്ച ഇമെയിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ജീവനക്കാർക്കുള്ള മസ്‌കിന്റെ ഇമെയിലുകൾ, കമ്പനിയുമായി ബന്ധപ്പെട്ട വിവരമായതിനാൽ രഹസ്യസ്വഭാവമുള്ളതായിരിക്കണം, എന്നാൽ ഈ ഇമെയിലുകളിലുള്ള ഉള്ളടക്കം ജീവനക്കാരെ ചൊടിപ്പിച്ചു എന്ന് തന്നെ പറയാം. തിരിച്ച് ഓഫീസുകളിൽ എത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെട്ടതായി കണക്കാക്കിയാൽ മതിയെന്നാണ് മെയിലിൽ മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്. പല ജീവനക്കാരും മസ്കിന്റെ ഈ സന്ദേശം കണ്ട് അസ്വസ്ഥരായതിൽ അത്ഭുതമില്ല. ഫലമോ ഈ ഇമെയിലുകൾ ചോർന്നു. ഇപ്പോൾ ഇന്റർനെറ്റിൽ മസ്കിന്റെ ഈ മെയിലുകൾ സജീവ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.