വാഷിങ്ടന്‍ : കോവിഡ് വീണ്ടും വ്യാപിക്കുന്നതിനാല്‍ എച്ച്-1ബി ഉള്‍പ്പെടെയുള്ള ചില ഇനം വീസകള്‍ക്ക് 2022 ല്‍ നേരിട്ടുള്ള അഭിമുഖം ഒഴിവാക്കി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഉത്തരവിറക്കി. വിദഗ്ധര്‍ക്കുള്ള എച്ച്-1ബി വീസ, പരിശീലനത്തിനും പ്രത്യേക പഠനത്തിനുമുള്ള എച്ച്-3 വീസ, കമ്പനി മാറ്റത്തിനുള്ള എല്‍ വീസ, സവിശേഷ കഴിവുകളും നേട്ടങ്ങളുമുള്ള വ്യക്തികള്‍ക്കുള്ള ഒ വീസ, കായികതാരങ്ങള്‍ക്കും കലാകാരന്മാര്ക്കുമുള്ള പി വീസ, രാജ്യാന്തര സാംസ്കാരിക വിനിമയ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ക്യു വീസ എന്നിവയിലാണ് നേരിട്ടുള്ള അഭിമുഖം ഒഴിവാക്കിയത്. താല്‍ക്കാലിക തൊഴിലാളികള്‍ക്കുള്ള എച്ച്-2 വീസ, വിദ്യാര്‍ഥികള്‍ക്കുള്ള എഫ്, എം വീസ, വിദ്യാര്‍ഥി വിനിമയ പരിപാടികള്‍ക്കുള്ള അക്കാദമിക് ജെ വീസ എന്നിവയ്ക്കും ഇതു ബാധകമാണ്.
മാതൃരാജ്യത്തെ കോണ്‍സുലേറ്റുകളില്‍ അപേക്ഷിക്കുന്നവര്‍ക്കേ ഈ ആനുകൂല്യം ലഭിക്കൂ. എന്നാല്‍, കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സാഹചര്യത്തില്‍ നേരിട്ടുള്ള അഭിമുഖം ആവശ്യപ്പെടാനും അനുമതിയുണ്ട്. 2022 ല്‍ വീസ പുതുക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. യുഎസില്‍ കോവിഡ് രോഗികളുടെ എണ്ണം അതിവേഗം വര്‍ധിച്ചുവരികയാണ്. രോഗികളില്‍ 73 ശതമാനവും പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിതരാണ്.