തിരുവനന്തപുരം: വിദേശ വനിത കൊല്ലപ്പെട്ട കേസിലെ ഒന്നാം സാക്ഷി ഇന്ന് കോടതിയിൽ ഹാജരായി മൊഴി നൽകി. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണു കഴിഞ്ഞ ദിവസം കോടതിയിൽ എത്താൻ കഴിയാത്തതെന്ന് സാക്ഷിയായ പ്രദീപ് വിശദീകരിച്ചു. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവാണ് പ്രദീപ്.
സ്ഥലവാസിയായ ഒരു വ്യക്തി തന്നെ മൊബൈൽ ഫോണിൽ വിളിച്ചു കുറ്റിക്കാട്ടിൽ ഒരു ജീർണിച്ച ശരീരം കിടക്കുന്നതു കണ്ടകാര്യം പറയുകയായിരുന്നെന്നു പ്രദീപ് കോടതിയെ അറിയിച്ചു. സ്ഥലവാസി അല്ലാത്തതിനാൽ സ്ഥലത്തെക്കുറിച്ച് അറിയില്ല. തുടർന്നു പൊലീസിനെ വിളിച്ചു വിവരം പറഞ്ഞു.
യുവതിയുടെ ശരീരത്തിൽ ജാക്കറ്റും അടിവസ്ത്രങ്ങളും ഉണ്ടായിരുന്നു. ശരീരത്തിൽനിന്നും തല വേറിട്ടാണ് കിടന്നത്. യുവതിയുടെ ശരീരം കിടന്ന സ്ഥലത്തുനിന്ന് 50 മീറ്റർ മാറി ഒരു വീടുണ്ടായിരുന്നു എന്നും പ്രദീപ് മൊഴി നൽകി. സാക്ഷിവിസ്താരം നാളെയും തുടരും.