കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത പരാജയത്തിൽ പ്രതികരണവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി. ‘കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ (തിരഞ്ഞെടുപ്പ് ) വിധി’ എന്നായിരുന്നു എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവ സാന്നിധ്യമായിരുന്നു എംഎം മണി. നാലാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ കഴിഞ്ഞ തവണ പിടി തോമസ് നേടിയതിലും ഇരട്ടി വോട്ടുകളാണ് ഉമ ലീഡായി പിടിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞതവണ പിടി തോമസ് ലീഡിൽ പിന്നോട്ട് പോയ ചില മേഖലകളാണ് അഞ്ചാം റൗണ്ടിൽ എണ്ണാനുള്ളത്. ഇവിടെ വോട്ടെണ്ണി കഴിയുമ്പോൾ ഉമ പിന്നോട്ട് പോയാലും പിടിയേക്കാൾ മികച്ച ഭൂരിപക്ഷത്തിലേക്ക് ഉമ നീങ്ങും എന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. തൃക്കാക്കരയിലെ കൊച്ചി നഗരസഭയുടെ ഭാഗമായ മേഖലകളിലാണ് ഇപ്പോൾ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. നഗരമേഖലയിലെ വോട്ടെണ്ണൽ തീരുമ്പോൾ തന്നെ ഉമാ തോമസിൻ്റെ ലീഡ് 15,000-ത്തിന് മുകളിലേക്കെത്തും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
അതേസമയം തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ പ്രതികരിക്കാൻ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ് തയ്യാറായില്ല. സിപിഎം എറണാകുളം ആസ്ഥാനമന്ദിരമായ ലെനിൻ സെൻ്ററിലുണ്ടായിരുന്ന ഡോ.ജോ ജോസഫ് നാലാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞതിന് പിന്നാലെ സെക്രട്ടറിയുടെ ഓഫീസിന് പുറത്തേക്ക് പോയി. അൽപസമയം കഴിഞ്ഞ് പ്രതികരിക്കാം എന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഇതിനിടെ എത്തിയ സിപിഎം സംസ്ഥാന സമിതി അംഗം ദിനേശ് മണി മാധ്യമപ്രവര്‍ത്തകരോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു.