കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ ശേഷം പ്രതികരണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍. തെരഞ്ഞെടുപ്പ് പരാജയം ശീലമാണെന്നും തങ്ങള്‍ക്ക് തോല്‍വി ഒരു പ്രശ്‌നമുള്ള കാര്യമല്ലല്ലോയെന്നും പുഞ്ചിരിച്ചുകൊണ്ട് എ എന്‍ രാധാകൃഷ്ണന്‍ മറുപടി പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണെന്ന് എ എന്‍ രാധാകൃഷ്ണന്‍ വിലയിരുത്തി. തൃക്കാക്കരയില്‍ ഉമ തോമസ് തരംഗം ദൃശ്യമായെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിജയത്തിന്റെ പേരില്‍ ഉമ തോമസിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതീക്ഷിച്ച വോട്ടുകള്‍ പോലും എന്‍ഡിഎയ്ക്ക് ലഭിച്ചിട്ടില്ലെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആധികാരിക വിജയത്തിലേക്ക് കടക്കുകയാണ്. മണ്ഡലത്തില്‍ ഉമ തോമസിന്റെ ലീഡ് 15,000 കടന്നു. 7 ഘട്ടങ്ങള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 15,531 വോട്ടുകളുടെ ലീഡാണ് ഉമ തോമസിനുള്ളത്. കഴിഞ്ഞ തവണ പിടി തോമസിനു ലഭിച്ച ലീഡിനെക്കാള്‍ കൂടുതലാണ് ഇത്. 14,329 വോട്ടുകള്‍ക്കാണ് 2021ല്‍ പിടി ജയിച്ചുകയറിയത്. യുഡിഎഫിന് ആകെ 4962 വോട്ടുകളുണ്ട്. 26431 വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനു ലഭിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിന്റെ കുതിപ്പ്.
1.96 ലക്ഷം വോട്ടര്‍മാരില്‍ 1.35 ലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പോളിങ് ശതമാനം 68.77 ശതമാനമാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം താരതമ്യേന ഏറ്റവും കുറഞ്ഞ പോളിങ് ആണ് ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.