ലുധിയാന : പഞ്ചാബിലെ ലുധിയാനയില്‍ ജില്ലാ കോടതി സമുച്ചയത്തിലുണ്ടായ ബോംബ് സ്‌ഫോടനം നടത്തിയത് മുന്‍ പൊലീസുകാരന്‍. ലഹരിമരുന്നു കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രതിയായ ഗഗന്‍ദീപ് സിങ് എന്നയാളാണ് കൃത്യത്തിനു പിന്നില്‍. സ്ഫോടനത്തില്‍ പാകിസ്താന്‍ ഏജന്‍സികളോ ഖാലിസ്ഥാന്‍ ഗ്രൂപ്പുകളോ ഉള്‍പ്പെട്ടതിന് തെളിവില്ലെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ പ്രസ്താവന ശരിവെയ്ക്കുന്നതാണ് പുതിയ കണ്ടെത്തല്‍. ഹെഡ് കോണ്‍സ്റ്റബിളായ ഗഗന്‍ദീപിനെ 2019ല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. മയക്കുമരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം ജയിലില്‍ കഴിയുകയും ചെയ്തു.
ഗഗന്‍ദീപ് ജയിലില്‍ നിന്നിറങ്ങിയത് രണ്ടുമാസം മുന്‍പാണ്. ഇയാളുടെ സിം കാര്‍ഡും വയര്‍ലെസ് ഡോങ്കിളും ഇയാളെ തിരിച്ചറിയാന്‍ സഹായിച്ചെന്നും മൃതദേഹം സിങ്ങിന്റെതാണെന്ന് കുടുംബാംഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. 2, 3 നിലകളിലെ ഒട്ടേറെ ഭിത്തികളും പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളുടെ ചില്ലുകളും തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണു പലരെയും പുറത്തെടുത്തത്. പൊലീസിനു പുറമേ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) അന്വേഷണം ആരംഭിച്ചു.