ദില്ലി : ജമ്മു കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഭീകരരുടെ ആസൂത്രിത കൊലപാതകങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. വൈകീട്ട് മൂന്നിനാണ് യോഗം. ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മുകശ്മീർ പൊലീസ് മേധാവി, കരസേന മേധാവി, കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. യോഗത്തിനായി ദില്ലിയിലെത്തിയ ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. മേയ് 12 മുതൽ നാല് സിവിലിയന്മാർ കശ്മീരിൽ കൊല്ലപ്പെട്ടത്. യോഗത്തിൽഅമർനാഥ് തീർഥാടനത്തിന്റെെ സുരക്ഷാവർധിപ്പിക്കുന്നതടക്കം കാര്യങ്ങൾ ചർച്ചയാകും.
അതേസമയം കശ്മീര്‍ ഭീകരാക്രമണത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. കശ്മീരിലെ ജനങ്ങളുടെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഭീകര പ്രവർത്തനങ്ങൾ തടയാൻ സർക്കാരിന് കഴിയണമെന്നും കോണ്‍ഗ്രസ് വക്താവ് വിവേക് തൻഖ പറഞ്ഞു. ജമ്മുകാശ്മീരില്‍ ആശങ്ക പടർത്തി സാധാരക്കാർക്ക് നേരെ ഭീകരാക്രമണം തുടരുകയാണ്. കുല്‍ഗാമില്‍ ഇന്നലെ ബാങ്ക് മാനേജരെ വെടിവച്ചുകൊന്നതിന്‍റെ ഉത്തരവാദിത്വം ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ഇന്നലെ രാത്രിവൈകി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ നടന്ന വെടിവെപ്പിലും ബീഹാര്‍ സ്വദേശിയായ ഒരാൾ കൊല്ലപ്പെട്ടു. ഷോപിയാനില്‍ സൈന്യം സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ച് മൂന്ന് സൈനികർക്ക് ഗുരുതര പരിക്കേറ്റു. കുല്‍ഗാം ജില്ലയില്‍ മോഹന്‍പുരയിലെ ബാങ്ക് മാനേജരും രാജസ്ഥാന്‍ സ്വദേശിയുമായ വിജയകുമാറിന് നേരെ ബാങ്കിലെത്തിയാണ് ഭീകരന്‍ വെടിയുതിർത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരർക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് ജമ്മു കാശ്മീർ ഫ്രീഡം ഫൈറ്റേഴ്സെന്ന ഭീകര സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകേട്ട് കശ്മീരിലെത്തുന്നവർക്കുള്ള മുന്നറിയിപ്പാണ് കൊലപാതകമെന്നും , കശ്മീരിനെ മാറ്റാന്‍ ശ്രമിക്കുന്നവർക്കെല്ലാം ഈ ഗതി വരുമെന്നും ജെഎഫ്എഫ് പ്രസ്താവനയില്‍ പറഞ്ഞു. ഒരാഴ്ചക്കിടെ നാല് പേരാണ് ജമ്മു കാശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കശ്മീരി പണ്ഡിറ്റുകളെയും സംസ്ഥാനത്ത് ജോലിതേടിയെത്തുന്ന സാധാരണക്കാരെയും തിരഞ്ഞുപിടിച്ച് കൊല്ലുകയാണെന്നും, സുരക്ഷിതരല്ലെങ്കില്‍ താഴ്വര വിടേണ്ടി വരുമെന്നും പ്രദേശവാസികൾ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ നേതൃത്ത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാണ്.
ഷോപ്പിയാനില്‍ സൈന്യം സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ചത് അട്ടിമറിയാണോയെന്ന് സംശയിക്കുന്നതായി കശ്മീർ പോലീസ് അറിയിച്ചു. അതിനിടെ കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അമിത്ഷാ കൂടികാഴ്ച നടത്തിയിരുന്നു. കശ്മീരിനെ അധികാരത്തിലേക്കുള്ള ഗോവണിയായി മാത്രമാണ് ബിജെപി കാണുന്നതെന്ന് രാഹുല്‍ ഗാന്ധി വിമർശിച്ചു. സമാധാനം പുനസ്ഥാപിക്കാനും പ്രധാനമന്ത്രി ഇടപെടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.