ന്യൂഡൽഹി: കേരളത്തിന്‍റെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ സാഹചര്യങ്ങള്‍ക്കു വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വികസന കാഴ്ച്ചപ്പാടുകള്‍ക്കെതിരായ ജനവിധിയാണ് തൃക്കാക്കരയില്‍ ഉണ്ടായതെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.
എന്തുവില കൊടുത്തും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ ജനാധിപത്യ വിരുദ്ധമായ വെല്ലുവിളിക്ക് ജനങ്ങള്‍ കൊടുത്ത താക്കീതാണ് ഉമ തോമസിന്‍റെ ഉജ്ജ്വല വിജയം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 20 മന്ത്രിമാരും 75 ഭരണപക്ഷ എംഎല്‍എമാരും വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തിയിട്ടും വോട്ടർമാർ കേരളത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചത്.
പിണറായി സര്‍ക്കാരിന്‍റെ അധികാര ദുര്‍വിനിയോഗത്തിനും ധനകാര്യ ധൂര്‍ത്തിനുമെതിരായ ജനരോഷവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഐക്യ ജനാധിപത്യ മുന്നണി പുത്തന്‍ മാര്‍ഗത്തില്‍ കൂടുതല്‍ ഐക്യത്തോടുകൂടി ചിട്ടയായി പ്രവര്‍ത്തനം നടത്തി. സിപിഎം താൽകാലിക തിരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി വര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന തന്ത്രങ്ങളാണ് നടപ്പിലാക്കിയത്. ഒരുമിച്ചുനിന്നാല്‍ ഐക്യ ജനാധിപത്യ മുന്നണിയെ തോല്‍പ്പിക്കാന്‍ ഒരു ശക്തിയ്ക്കും കഴിയില്ലെന്നു വ്യക്തമായ സൂചന തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം തരുന്നുണ്ടെന്നും ദേവരാജന്‍ ചൂണ്ടിക്കാട്ടി.