ചേർത്തല: മനോദൗർലഭ്യമുള്ള നവവധു ഹേന (42)യുടെ കൊലപാതകം നടന്ന വീട്ടിൽ ഭർത്താവ് അപ്പുക്കുട്ടനെ എത്തിച്ചു തെളിവെടുത്തു. തെളിവെടുപ്പു പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആലപ്പുഴ സബ്ബ് ജയിലിലേക്കുമാറ്റി. അപ്പുക്കുട്ടനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നടപടികൾ തുടങ്ങി. സ്ത്രീധനം ആവശ്യപെട്ടുള്ള പീഡനമാണ് കൊലക്കു കാരണമെന്ന ബന്ധുക്കളുടെ പരാതിയിൽ കൂടുതൽ അന്വേഷണത്തിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
ഹേനയുടെ വീട്ടുകാരമായി നടത്തിയ പണമിടപാടുകളിൽ തെളിവുകൾ ശേഖരിച്ച ശേഷമായിരിക്കും ഇയാൾക്കെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുന്നത്. നിലവിൽ കൊലപാതകത്തിനും ഗാർഹിക പീഢനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 26നാണ് ഹേനയെ കാളികുളം അനന്തപുരം വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഹേനയുടെ ബന്ധുക്കൾ സംശയമുയർത്തിയ സാഹചര്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പൊലീസ് സർജ്ജനാണ് പോസ്റ്റുമോർട്ടം നടത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകളെ തുടർന്ന് പോലീസ് ആസൂത്രിതമായി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. കുളിപ്പിക്കാനുള്ള ശ്രമത്തിനിടെ ഹേന എതിർപ്പുയർത്തിയപ്പോൾ നടത്തിയ മർദ്ദനത്തിനിടെയാണ് മരിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തലക്കുള്ളിലെ 13 പരിക്കുകൾ ഉൾപ്പെടെ 28 ഭാഗങ്ങളിൽ പരിക്കുണ്ടായിരുന്നതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.
പാരമ്പര്യ വൈദ്യനായ അപ്പുക്കുട്ടനെ ആദ്യം ചോദ്യം ചെയ്തപ്പോൾ എതിർത്തെങ്കിലും പിന്നീട് സംഭവങ്ങൾ അതേപടി പൊലീസിന് മുന്നിൽ തുറന്നു പറഞ്ഞു. കുളിമുറിയിൽ വീണു ബോധരഹിതയായെന്നു കരുതി ഹേനയെ ആശുപത്രിയിൽ എത്തിക്കാൻ അപ്പുക്കുട്ടന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വാരനാട് സ്വദേശി ബൈജുവിനെയും ബന്ധു ഉഷയെയും കസ്റ്റഡിയിൽ എടുത്തെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചു. മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു ഹേന. ഇതറിഞ്ഞാണ് അപ്പുക്കുട്ടൻ 2021 ഒക്ടോബർ 25ന് വിവാഹം ചെയ്തത്. ഇതിനു ശേഷം ഹേനയുടെ പെരുമാറ്റത്തിൽ ഇയാൾ തുടർച്ചയായി അസ്വസ്തനായിരുന്നെന്നും ഇതേ തുടർന്ന് ഹേന തുടർച്ചയായി മർദ്ദനത്തിനിരയായിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അപ്പുക്കുട്ടൻ നിരന്തരം പണം ആവശ്യപ്പെടുമായിരുന്നതായി ഹേനയുടെ ബന്ധുക്കളും പൊലീസിനു മൊഴിനൽകിയിരുന്നു.