ചേർത്തല: യുവതിയുടെ മരണം ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനം മൂലമാണെന്നു കാട്ടി മുഖ്യമന്ത്രിക്കടക്കം പരാതി നൽകി ബന്ധുക്കൾ. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മരുത്തോർവട്ടം മാർത്താണ്ടംചിറ സോമശേഖരൻനായരുടെ മകൾ യമുനാ മോളാണ്(27) 29ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ മരിച്ചത്. വർക്കലയിലുള്ള വാടകവീട്ടിൽ കെട്ടിതൂങ്ങിയ നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സംഭവിച്ചത്.
ഭർത്താവിന്റെയും കുടുംബത്തിന്റെയും ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് യമുനാമോൾ ആത്മഹത്യ ചെയ്തതെന്നു കാട്ടി സഹോദരൻ എസ് അനന്തകൃഷ്ണനാണ് മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയത്. വർക്കല ഡി വൈ എസ് പി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി, ഡി ജി പി, പ്രതിപക്ഷ നേതാവ്, വനിതാ കമ്മീഷൻ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. 2 9ന് പുലർച്ചെ മരണ ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത് ചേർത്തല മരുത്തോർവട്ടത്തെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്.
ബഡ്സ് സ്കൂൾ അധ്യാപികയായിരുന്ന യമുനാമോൾ 2016 ലാണ് വർക്കല സ്വദേശിയായ ശരതുമായിപ്രണയത്തിലായി പിന്നീട് വിവാഹിതരായത്. ഇരുവീട്ടുകാരുടെയും സമ്മതമില്ലാതെയായിരുന്നു വിവാഹമെങ്കിലും പിന്നീട് രണ്ടുവീട്ടുകാരും സഹകരിക്കുയായിരുന്നു. ഭർതൃവീട്ടിൽ നിരന്തരം പീഢനത്തിന് ഇരയായായിരുന്നതായി പരാതിയിൽ പറയുന്നു. വർക്കല കോടതിയിലും ഗാർഹിക പീഡനത്തിനു യമുനാമോൾ പരാതി നൽകിയിരുന്നു.
അതേസമയം ആലപ്പുഴയിൽ മനോദൗർലഭ്യമുള്ള നവവധു ഹേന (42)യുടെ കൊലപാതകം നടന്ന വീട്ടിൽ ഭർത്താവ് അപ്പുക്കുട്ടനെ എത്തിച്ചു തെളിവെടുപ്പ് നടത്തി. തെളിവെടുപ്പു പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആലപ്പുഴ സബ്ബ് ജയിലിലേക്കുമാറ്റി. അപ്പുക്കുട്ടനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നടപടികൾ തുടങ്ങി. സ്ത്രീധനം ആവശ്യപെട്ടുള്ള പീഡനമാണ് കൊലക്കു കാരണമെന്ന ബന്ധുക്കളുടെ പരാതിയിൽ കൂടുതൽ അന്വേഷണത്തിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
ഹേനയുടെ വീട്ടുകാരമായി നടത്തിയ പണമിടപാടുകളിൽ തെളിവുകൾ ശേഖരിച്ച ശേഷമായിരിക്കും ഇയാൾക്കെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുന്നത്. നിലവിൽ കൊലപാതകത്തിനും ഗാർഹിക പീഢനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 26നാണ് ഹേനയെ കാളികുളം അനന്തപുരം വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഹേനയുടെ ബന്ധുക്കൾ സംശയമുയർത്തിയ സാഹചര്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പൊലീസ് സർജ്ജനാണ് പോസ്റ്റുമോർട്ടം നടത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകളെ തുടർന്ന് പോലീസ് ആസൂത്രിതമായി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. കുളിപ്പിക്കാനുള്ള ശ്രമത്തിനിടെ ഹേന എതിർപ്പുയർത്തിയപ്പോൾ നടത്തിയ മർദ്ദനത്തിനിടെയാണ് മരിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തലക്കുള്ളിലെ 13 പരിക്കുകൾ ഉൾപ്പെടെ 28 ഭാഗങ്ങളിൽ പരിക്കുണ്ടായിരുന്നതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.