തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടി. ഇന്ന് 1465 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം ആറ് മരവും സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്. 479 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
അതേസമയം, കൊവിഡ് കേസുകളിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണം. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവരും മുൻകരുതൽ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണെന്നും ആരോഗ്യ പ്രവർത്തകർ നിർബന്ധമായും പ്രിക്കോഷൻ ഡോസ് എടുക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും വാക്സിൻ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്കൂൾ തുറന്ന സാഹചര്യത്തിൽ എല്ലാ കുട്ടികൾക്കും വാക്സിനെടുക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കും. 12 മുതൽ 14 വയസുവരെയുള്ള 54 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 15 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 15 മുതൽ 17 വയസ് വരെയുള്ളവരിൽ 83 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 55 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. വാക്സിൻ എടുക്കാത്തവരുടെ കണക്ക് ശേഖരിക്കാനും വാക്സിൻ എടുക്കുന്നു എന്നുറപ്പാക്കാനും ഫീൽഡ് വർക്കർമാരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.