കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞടുപ്പിൽ മുഖ്യമന്ത്രി ആവനാഴിയിലെ സർവ അസ്ത്രങ്ങളും പ്രയോഗിച്ചിട്ടും എൽ.ഡി.എഫിന് കനത്ത തിരിച്ചടി. മുഖ്യമന്ത്രി ഏതാണ്ട് രണ്ടാഴ്ചയിലധികമാണ് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. ബൂത്ത് അടിസ്ഥാനത്തിലുള്ള യോഗങ്ങളിൽ വരെ അദ്ദേഹം പങ്കെടുത്തു.വികസനവാദികളും വികസന വിരോധികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാഗമായി നടന്ന പ്രദേശിക റാലികളിൽ മുഖ്യമന്ത്രി പ്രസംഗിച്ചു. യു.ഡി.എഫിന്‍റെ കോട്ടകൾ തകർക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണത്തിന്റെ ലക്ഷ്യം.
ഉപതെരഞ്ഞെടുപ്പ് തൃക്കാക്കരകാരുടെ സൗഭാഗ്യം ആണെന്നും നേരത്തെ യു.ഡി.എഫിന് വോട്ട് ചെയ്ത തെറ്റ് തിരുത്തണമെന്നും മുഖ്യമന്ത്രി അവരോട് പറഞ്ഞു. അതും തൃക്കാക്കരക്കാർ ചെവിക്കൊണ്ടില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ മന്ത്രി പി. രാജീവിന് മണ്ഡലത്തിൽ ചുമതല നൽകി. രാജീവ് അരയും തലയുമുറുക്കി യുദ്ധരംഗത്തിറങ്ങി.
ഭരണത്തിന്‍റെ വിലയിരുത്തൽ ആയിരിക്കും തൃക്കാക്കരയിൽ ഉണ്ടാകാൻ പോകുന്നതെന്ന് രാജീവ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനം എം. സ്വരാജിനെയും ഏൽപ്പിച്ചു. മന്ത്രിമാരും എം.എൽ.എമാരും വീടുകയറി പ്രചാരണം നടത്തി. എന്നിട്ടും കനത്ത പരാജയം ഏറ്റുവാങ്ങി. യു.ഡി.എഫിനാണെങ്കിൽ സ്വപ്നത്തെക്കാൾ വലിയ വിജയമാണ് ലഭിച്ചത്.
യു.ഡി.എഫിന് ലഭിക്കാനുള്ള എല്ലാ പഴുതുകളും അടച്ചു വളരെ സൂക്ഷ്മതയോടെയാണ് തൃക്കാക്കരയിൽ എൽ.ഡി.എഫ് കളത്തിൽ ഇറങ്ങിയത്. തൃക്കാക്കരയിലെ മണ്ണ് ഉഴുതുമറിച്ചാണ് വോട്ടിനുള്ള വിത്ത് എറിഞ്ഞത്. എന്നാൽ, വിളവെടുത്തപ്പോൾ ഫലമുണ്ടായില്ല. മുഖ്യമന്ത്രിയുടെ വികസനത്തെക്കുറിച്ചുള്ള വാക്കുകളൊന്നും ജനങ്ങൾ സ്വീകരിച്ചില്ല.പി.ടിയുടെ രാഷ്ട്രീയ സ്വാധീനത്തിന് മുന്നിൽ അതെല്ലാം പാഴ് വാക്കുകളായി. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആത്മവിശ്വാസത്തോടെയാണ് തൃക്കാക്കരയിൽ എത്തിയത്. ജനങ്ങളുടെ വോട്ട് ഭരണത്തിൻറെ വിലയിരുത്തലാകുമെന്ന് അദ്ദേഹവും പറഞ്ഞു.
വികസനവും കെ റെയിലും പ്രധാന മുദ്രാവാക്യമായപ്പോൾ കെ.വി. തോമസിനെയും കൂടെ കൂട്ടി. കെ.വി തോമസാകട്ടെ സിൽവർ ലൈൻ ഇല്ലാത്തതിനാൽ യോഗത്തിന് വരാൻ താമസിച്ചുവെന്ന് യോഗത്തിൽ തന്നെ വിശദീകരിച്ചു.എം.എൽ.എമാർക്ക് ആയിരുന്നു തെരഞ്ഞെടുപ്പിൽ പ്രധാന ചുമതല. സഭയെ കൂടെനിർത്താൻ ജോസ് കെ. മാണിയെ ഇറക്കി. എന്നിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലീഡ് ലഭിച്ച ബൂത്തുകളിൽ പോലും ഇത്തവണ അതുണ്ടായില്ല.സി.പി.എം സംസ്ഥാന, ജില്ല നേതാക്കൾ ഒന്നടങ്കം തൃക്കാക്കര പിടിക്കാനെത്തി. കൊച്ചി രാജാവിന്റെ കേന്ദ്രം കൂടി പിടിച്ച് 100 തികക്കുകയെന്നത് അഭിമാന പ്രശ്നമായി. കെ റെയിൽ വിമർശകർക്ക് തൃക്കാക്കര മറുപടിയാക്കാമെന്നും എൽ.ഡി.എഫ് കരുതി. അതിനായി സർക്കാറിന്‍റെ സർവ സൈനികവ്യൂഹവും തെരഞ്ഞെടുപ്പിന് ഉപയോഗപ്പെടുത്തി.
എൽ.ഡി.എഫിന്റെ മൈക്രോ ഇലക്ഷൻ മാനേജ്മെൻറ് ആണ് തൃക്കാക്കരയിൽ അരങ്ങേറിയത്. എന്നിട്ടും ജനങ്ങളുടെ സ്പന്ദനം തിരിച്ചറിയാൻ സി.പി.എമ്മിന് കഴിഞ്ഞില്ല. ഇവിടെ പി.ടിയുടെ മൂല്യങ്ങൾക്ക് മുന്നിൽ വികസനമെന്ന എൽ.ഡി.എഫിന്റെ മുദ്രാവാക്യം ഏശിയില്ല.ഒരിടത്തും എൽ.ഡി.എഫിന് പ്രതിരോധം സൃഷ്ടിക്കാൻ പോലും കഴിഞ്ഞില്ല. സഭയുടെ പിന്തുണ ലഭിക്കാൻ വൈദികന്റെ സാന്നിധ്യത്തിൽ സഭയുടെ ആശുപത്രിയിൽ വെച്ച് വാർത്താസമ്മേളനം നടത്തി. എന്നിട്ട് നിയമസഭയുടെ സ്ഥാനാർഥി ആണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. ഇതുകൊണ്ടും ജനങ്ങളെ കൂടെ നിർത്താനായില്ല.
ചരിത്ര ബോധവും ഉന്നതമായ ജനാധിപത്യ ബോധവും സാധാരണ ജനങ്ങളോടുള്ള കാരുണ്യവും സാമൂഹിക പ്രതിബദ്ധതയും പി.ടിയെ മറ്റ് കോൺഗ്രസുകാരിൽ നിന്ന് വ്യത്യസ്തനാക്കിയിരുന്നു. പി.ടിയുടെ ഭാര്യ ഉമ ഉയർത്തിപ്പിടിച്ചത് ആ മൂല്യബോധത്തെയാണ്. അത് പി.ടിയിലൂടെ തൃക്കാക്കരയിലെ ജനത അനുഭവിച്ചറിഞ്ഞതാണ്.കിറ്റുകൾ കൊണ്ട് മാറ്റിമറിക്കാൻ കഴിയാത്ത വിശ്വാസം. തെരഞ്ഞെടുപ്പിൽ പി.ടിയുടെ മൂല്യബോധത്തെ തകർക്കാൻ കഴിയുന്ന ആയുധം രാജീവിനോ സ്വരാജിനോ കണ്ടെത്താനായില്ല. ചരിത്രത്തിലെ വലിയ ഭൂരിപക്ഷമാണ് യു.ഡി.എഫ് നേടിയിരിക്കുന്നത്. ജീവിച്ചിരുന്ന പി.ടിയെക്കാൾ മരിച്ച പി.ടി ശക്തിയായി മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചരിക്കുന്നു. പി.ടി.യെന്ന രണ്ടക്ഷരം നിയമസഭയിലും പുറത്തും മുഖ്യമന്ത്രിക്ക് പേടി സ്വപ്നമായിരുന്നു. മുഖ്യമന്ത്രി നിയമസഭിൽ അവർത്തിച്ച തലശ്ശേരിയിൽ മുസി ലീംപള്ളി സംരക്ഷിച്ച കുഞ്ഞുരാമന്റെ കഥ പൊളിച്ചടുക്കിയത് പി.ടിയുടെ ചരിത്രാന്വേഷണമാണെന്ന ഓർക്കുക.
തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സർക്കാറിന്റെ മഞ്ഞ കല്ലിടലിന്റെ പാളംതെറ്റിയിരുന്നു. തെരഞ്ഞെടുപ്പ് വിജയം മഞ്ഞകല്ല് പറിച്ചുവർക്കുള്ള താക്കീതായില്ല. മറിച്ച കല്ല് സ്ഥാപിക്കാനെത്തിയവർക്ക് വെല്ലുവിളിയായി. മഞ്ഞക്കല്ല് ഇനി സ്ഥാപിക്കരുതെന്നാണ് തൃക്കാക്കരയിലെ ജനത ഭരണകൂടത്തോട് പറയുന്നത്.
അതേസമയം, കെ റെയിൽ കല്ലിടലിനെതിരെ സമരം നടത്തി കേരള പോലീസിൻറെ ചവിട്ടേറ്റ സ്ത്രീകൾ തെരഞ്ഞെടുപ്പ് വിജയം അവകാശപ്പെടുന്നു. കെ റെയിൽ വികസനത്തിനുള്ള തിരിച്ചടിയാണെന്ന് അവർ വിളിച്ചു പറയുന്നു. തൃക്കാക്കരയിലെ ഭൂരിപക്ഷം എൽ.ഡി.എഫിനെ മാത്രമല്ല യു.ഡി.എഫിനെയും ഞെട്ടിച്ചിരിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് നിരീക്ഷണം നടത്തിയ എൽ.ഡി.എഫിന്റെ രാഷ്ട്രീയ ബിദ്ധിജീവികളുടെ വിലയിരുത്തലു തെറ്റി. ചുരുക്കത്തിൽ തൃക്കാക്കര മുഖ്യമന്ത്രിക്കേറ്റ് കനത്ത പരാജയമാണ്.