ശ്രീനഗർ: കശ്മീരിൽ ന്യൂനപക്ഷ സമുദായങ്ങളിലുള്ളവരെ തുടർച്ചയായി ഭീകരർ ലക്ഷ്യം വെക്കുന്ന സാഹചര്യത്തിൽ ജമ്മു കശ്മീർ ഹൈകോടതിയുടെ ഇടപെടൽ തേടി പണ്ഡിറ്റുകൾ. ഭീകരവാദികളിൽനിന്നും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കശ്മീർ താഴ്വരയിൽ താമസിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളിലുള്ളരെ കശ്മീരിന് പുറത്തേക്ക് പുനരവധിവസിപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈകോടതി നിർദേശിക്കണമെന്ന് കശ്മീരി പണ്ഡിറ്ര് സംഘർഷ് സമിതി (കെ.പി.എസ്.എസ്) ആവശ്യപ്പെട്ടു.
2020 ജൂൺ മുതൽ കശ്മീരിൽ ന്യൂനപക്ഷ സമുദായങ്ങളിലുള്ളവരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളെക്കുറിച്ച് ഹൈകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ റിപ്പോർട്ട് നൽകണം. ഇതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ ഹൈകോടതി ചീഫ് ജസ്റ്റിസിന് കെ.പി.എസ്.എസ് അധ്യക്ഷൻ സഞ്ജയ് ടിക്കു നിവേദനം നൽകി.
2010ലാണ് പുനരധിവാസ പദ്ധതി സർക്കാർ ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി കശ്മീരി പണ്ഡിറ്റുകൾക്ക് തൊഴിലും താമസ സൗകര്യവും കശ്മീരിൽ നൽകി. എന്നാൽ, 2020ൽ പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുള്ള കൊലപാതകം ആരംഭിച്ചുവെന്നും കശ്മീരിൽ താമസിക്കുന്ന ന്യൂനപക്ഷ സമുദായ അംഗങ്ങൾക്കിടയിൽ ഭയം വർധിച്ചുവെന്നും സഞ്ജയ് ടിക്കു പറഞ്ഞു.