ന്യൂഡൽഹി: ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ 2021ൽ വ്യാപക അക്രമങ്ങൾ ഉണ്ടായതായി അമേരിക്കൻ ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ട്. ന്യൂനപക്ഷവിഭാഗക്കാരെ കൊല്ലുക, കൈയേറ്റം ചെയ്യുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ സംഭവങ്ങൾ വ്യാപകമായിരുന്നെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ച് യുഎസ് കോൺഗ്രസിന് കൈമാറിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ ആഭ്യന്തരമന്ത്രി ആന്റണി ബ്ലിങ്കൺ പുറത്തിറക്കിയ റിപ്പോർട്ടിൽ വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള വിലയിരുത്തലുണ്ട്. ഇതിൽ ഇന്ത്യയെക്കുറിച്ചുള്ള അധ്യായത്തിലാണ് ന്യൂനപക്ഷവേട്ടയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ഇന്ത്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ, കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടുകൾ, സർക്കാരേതര ന്യൂനപക്ഷ സംഘടനകളുടെ വിലയിരുത്തലുകൾ തുടങ്ങിയവ റിപ്പോർട്ടിലുണ്ട്. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഒരേ ഡിഎൻഎയാണെന്ന ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവതിന്റെ പരാമർശവും റിപ്പോർട്ടിലുണ്ട്.
എല്ലാ മസ്‌ജിദുകളിലും ശിവലിംഗം നോക്കിനടക്കുന്നത് എന്തിനാണെന്ന് മോഹൻഭാഗവതിന്റെ പ്രതികരണം കഴിഞ്ഞദിവസം ഉണ്ടായത് അമേരിക്കന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ്. കാശിയിലെ ജ്ഞാൻവ്യാപി അടക്കം രാജ്യത്തെമ്പാടുമുള്ള മസ്ജിദുകളിലെ ക്ഷേത്രപാരമ്പര്യം അന്വേഷിക്കുന്ന തീവ്രഹിന്ദുത്വവാദികളുടെ നീക്കം ആഗോളതലത്തില്‍ രാജ്യത്തിന് നാണക്കേടായി മാറിയ സാഹചര്യത്തിലാണ് ആര്‍എസ്എസിന്റെ ചുവടുമാറ്റം.
അതേസമയം, മതസ്വാതന്ത്ര്യത്തെ സംബന്ധിച്ച യുഎസ് റിപ്പോർട്ട് ഇന്ത്യ തള്ളി. അമേരിക്കയിലെ വർധിച്ചുവരുന്ന വിദ്വേഷ അതിക്രമങ്ങളിലും ‘തോക്ക് ഹിംസയിലും’ വലിയ ആശങ്കയുണ്ടെന്നും തിരിച്ചടിച്ചു. അന്താരാഷ്ട്ര ബന്ധങ്ങളിൽ വോട്ട്‌ബാങ്ക് രാഷ്ട്രീയത്തിന്റെ ഇടപെടലുകൾ ഉണ്ടാകുന്നത് ആശങ്കാജനകമാണെന്ന് വിദേശകാര്യവക്താവ് അരിന്ദാംബാഗ്‌ചി പ്രതികരിച്ചു.