ദില്ലി: വൈകല്യത്തിന്റെ അടിസ്ഥാനത്തിൽ ഒരാളുടെ യാത്ര വിമാനക്കമ്പനികൾ നിരസിക്കാൻ പാടില്ലെന്ന് നിയമഭേദഗതി. വിമാനത്തിനുള്ളിൽ അത്തരം യാത്രക്കാരുടെ ആരോഗ്യം മോശമാണെന്ന് വിമാനക്കമ്പനി മനസ്സിലാക്കിയാൽ, ആ വ്യക്തിയെ ഒരു ഡോക്ടർ പരിശോധിച്ച ശേഷം മാത്രമേ അവരുടെ യാത്ര തടയുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാവൂ എന്നാണ് ഭിന്ന ശേഷിക്കാരായ വ്യക്തികൾക്കായുള്ള ഡിജിസിഎ നിയമത്തിന്റെ പുതിയ ഭേദഗതിയിൽ പറയുന്നത്. ആരോഗ്യസ്ഥിതി സംബന്ധിച്ച് യാത്രക്കാരൻ വിമാനയാത്ര ചെയ്യാൻ യോഗ്യനാണോ അല്ലയോ എന്നതും ഡോക്ടർ വ്യക്തമാക്കണം. ഈ മെഡിക്കൽ അഭിപ്രായം നേടിയ ശേഷം, എയർലൈൻ അധികൃതര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാം.
അടുത്തിടെ ഭിന്നശേഷിക്കാരനായ കുട്ടിയെ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നത് തടഞ്ഞെന്ന പരാതി ഉയര്‍ന്നിരുന്നു. സംഭവത്തിൽ ഇൻഡിഗോ എയര്‍ലൈൻസ് അഞ്ച് ലക്ഷം രൂപയാണ് ഡിജിസിഎ പിഴയിട്ടത്. സംഭവം നേരിട്ട് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സംഭവത്തിന് പിന്നാലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിസിഎ നിയമ ഭേദഗതി നിലവിൽ വന്നിരിക്കുന്നത്.