കോഴിക്കോട് : കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ സുപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിച്ച് കെജിഎംഒഎ. കുതിരവട്ടം മാനസികരോഗാശുപത്രിയിൽ ഇന്നലെ തുടങ്ങിയ ഒപി ബഹിഷ്കരണം സസ്പെൻഷൻ പിൻവലിക്കുന്നതു വരെ തുടരാനാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കെജിഎംഒഎയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ട്രേറ്റിലേക്ക് ധർണ നടത്തും. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും സ്പെഷ്യാലിറ്റി ഒ പി ബഹിഷ്കരിക്കാനും ചൊവ്വാഴ്ച ജില്ലയിലെ എല്ലാ ഡോക്ടർമാരും കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാനുമാണ് നീക്കം. അത്യാഹിത വിഭാഗവും ലേബർ റൂമും അടിയന്തര ശസ്ത്രക്രിയകളുമൊഴികെയുള്ള സേവനങ്ങളിൽ നിന്നാണ് ഡോക്ടർമാർ വിട്ടു നിൽക്കുക. സർക്കാർ തീരുമാനം വയ്കുകയാണെങ്കിൽ സംസ്ഥാന തലത്തിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയിടപെട്ട് സൂപ്രണ്ട് ഡോ. കെ സി. രമേശനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സുരക്ഷാ വീഴ്ചയിൽ സൂപ്രണ്ടിനെ മാത്രം ബലിയാടാക്കുകയാണെന്നാണ് കെജിഎംഒഎ ആരോപിക്കുന്നത്. റിമാൻഡ് പ്രതിയുടെ സുരക്ഷ പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും പിഴവ് പൊലീസിന്റെ ഭാഗത്ത് നിന്നാണുണ്ടായതെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്. വിഷയത്തെ നിയമപരമായി നേരിടും. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതായും കെജിഎംഒഎ വിശദീകരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചത്. റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് കോട്ടക്കലിൽ വാഹനാപകടത്തിൽ മരിച്ചത്. വാഹന മോഷണക്കേസുകളിൽ റിമാൻഡിലായിരുന്ന മുഹമ്മദ് ഇർഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മൂന്നാം വാർഡിലെ സെല്ലിലുണ്ടായിരുന്ന ഇർഫാൻ സ്പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് ഇന്നലെ രാത്രി പുറത്തുകടന്നത്. ദിവസങ്ങളുടെ പരിശ്രമം ഇതിനെടുത്തെന്നാണ് പോലീസ് നിഗമനം. ഭിത്തിയുടെ ബലക്കുറവും അനുകൂലമായി.