കൊവിഡ് 19 ആശങ്കകള്‍ വിട്ടൊഴിയും മുമ്പ് ഉയര്‍ന്നുവന്ന മറ്റൊരു വില്ലനാണ് മങ്കിപോക്സ് അഥവാ കുരങ്ങുപനി. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന രോഗകാരിയായ വൈറസ് പിന്നീട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് തന്നെ പകര്‍ന്നാണ് മങ്കിപോക്സ് വ്യാപിക്കുന്നത്. കൊവിഡിനോളം ആശങ്കപ്പെടേണ്ട രോഗമാണോ ഇതെന്ന സംശയം ആദ്യഘട്ടത്തില്‍ നിരവധി പേരിലുണ്ടായിരുന്നു. എന്നാല്‍ കൊവിഡിനോളം ഭയപ്പെടേണ്ട രോഗമല്ല ഇത്. ഇക്കാര്യം ആരോഗ്യമേഖലയില്‍ നിന്നുള്ള വിദഗ്ധരും വ്യക്തമാക്കിയിരുന്നു. എങ്കിലും ജാഗ്രത പാലിക്കേണ്ടത് ആവശ്യവുമാണ്. കാരണം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് പകരുന്നുണ്ട്. രോഗം ഗുരുതരമാകുന്ന സാഹചര്യവും മരണത്തിലേക്ക് എത്തുന്ന സാഹചര്യവും അപൂര്‍വമാണെന്നത് ആശ്വാസം തന്നെ.
നിലവില്‍ ആഗോളതലത്തില്‍ ആകെ 700 മങ്കിപോക്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 51 കേസുകളും ഫ്രാന്‍സില്‍ നിന്ന് മാത്രമാണ്. ഇന്നലെയാണ് ഇത് സ്ഥിരീകരിക്കപ്പെട്ടത്. മെയ് മാസത്തിലാണ് ആദ്യമായി ഫ്രാന്‍സില്‍ മങ്കിപോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് ശേഷം ഒരു മാസത്തിനകമാണ് ഇത്രയും കേസുകള്‍ വന്നിരിക്കുന്നത്.
അധികവും പുരുഷന്മാരെയാണ് രോഗം ബാധിച്ചിരിക്കുന്നതെന്ന് ഫ്രഞ്ച് നാഷണല്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി അറിയിക്കുന്നു. 22നും 63നും ഇടയ്ക്ക് പ്രായം വരുന്നവരാണ് ഏറെയെന്നും ഇവര്‍ അറിയിക്കുന്നു. ഇക്കൂട്ടത്തില്‍ ഒരാള്‍ മാത്രമാണത്രേ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യത്തില്‍ എത്തിയുള്ളൂ. എന്തായാലും ഫ്രാന്‍സില്‍ ചുരുങ്ങിയ സമയത്തിനകം ഇത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും, അതും കൂടുതല്‍ പുരുഷന്മാരിലായതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
ഫ്രാന്‍സിന് പിന്നാലെ 21 കേസുകളുമായി യുഎസും നേരിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. എന്നാല്‍ രോഗവ്യാപനത്തിനുള്ള സാധ്യതകള്‍ കഴിയുന്നതും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഇവിടെയും സജീവമാണ്.
പുരുഷന്മാര്‍ക്കിടയില്‍ മാത്രം രോഗം കൂടുതലായി പകരുന്നതിന് പിന്നില്‍ ഒരുപക്ഷേ സ്വവര്‍ഗാനുരാഗ ബന്ധം കാരണമായി നില്‍ക്കുന്നുണ്ടാകാമെന്നൊരു വിലയിരുത്തലും ഇതിനോടകം വിദഗ്ധര്‍ നടത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിദഗ്ധര്‍ അടക്കം ഇക്കാര്യത്തിലുള്ള സംശയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം മങ്കിപോക്സ് ഒരു ലൈംഗികരോഗം ആയും കണക്കാക്കുവാന്‍ സാധിക്കില്ല.
പനി, തളര്‍ച്ച, ശരീരവദന, ചിക്കന്‍പോക്സിലെന്ന പോലെ ശരീരമാസകലം കുമിളകള്‍ വരിക, കുമിളകളില്‍ ചൊറിച്ചില്‍, വേദന തുടങ്ങിയ ലക്ഷണങ്ങളാണ് മങ്കിപോക്സില്‍ കാണുന്നത്. ഇത് ശരീരസ്രവങ്ങളിലൂടെ പകരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ഇതില്‍ ലൈംഗികബന്ധവും ഉള്‍പ്പെടുന്നതാണ്.
എഴുപതുകളില്‍ തന്നെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള രോഗമാണിത്. പിന്നീട് പല ഇടവേളകള്‍ക്കുള്ളില്‍ പലയിടങ്ങളിലായി മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൃഗങ്ങളില്‍ നിന്ന് തന്നെയാണ് ഓരോ തവണയും ഇത് മനുഷ്യരിലേക്ക് എത്തുന്നത്. തുടര്‍ന്ന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.