തിരുവനന്തപുരം : ജനവിധിയാണ് വലുത് എന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതു തോല്‍വി നൽകുന്ന പാഠമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. തൃക്കാക്കര ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാർട്ടികൾ വെവ്വേറെയും വിശകലനം ചെയ്യും. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം നടപ്പാക്കാനെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. തൃക്കാക്കരയിലെ ജനവിധി കെ റെയിലിന് എതിരായ വിധി കൂടിയാണെന്ന് പരക്കെ അഭിപ്രായമുയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം എന്ന പ്രസ്താവന ബിനോയ് വിശ്വത്തിന്‍റെ ഭാഗത്തുനിന്നുണ്ടായത് എന്നത് ശ്രദ്ധേയമാണ്. തൃക്കാക്കര തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സില്‍വര്‍ ലൈന്‍ പദ്ധതി പിൻവലിക്കണം എന്ന് കെ റെയിൽ വിരുദ്ധ സമിതി നിലപാടെടുത്തു. സമരം നടന്ന കോട്ടയം മാടപ്പിള്ളി യിൽ പടക്കം പൊട്ടിച്ചാണ് ഇടതു സ്ഥാനാർഥിയുടെ തോൽവി ആഘോഷിച്ചത്. ഇവിടെ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.
അതേസമയം, തൃക്കാക്കരയിലെ തോൽവിയിൽ സിപിഎം ഉടൻ പരിശോധനയിലേക്ക് കടക്കും. തോൽവി ജില്ലാ നേതൃത്വത്തിന്‍റെ ഉത്തരവാദിത്തമല്ലെന്ന് ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ വ്യക്തമാക്കി കഴിഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ പാളിച്ച മുതൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ വീഴ്ചകളിൽ വരെ പഴി കേൾക്കുന്നത് സംസ്ഥാന നേതാക്കളാണ്. വോട്ടെണ്ണൽ പൂർത്തിയാകും മുമ്പ് തന്നെ ജില്ലാ സെക്രട്ടറി പറഞ്ഞ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ ജില്ലാ നേതൃത്വത്തെ മറികടന്ന് സംസ്ഥാന നേതാക്കൾ എടുത്ത തീരുമാനങ്ങളുടെ കൂടി പരാജയമാണ് തെരഞ്ഞെടുപ്പ് തോൽവി. സിറോ മലബാർ സഭയുമായി ധാരണയിലെത്തി നാടകീയമായി ജോ ജോസഫിനെ രംഗത്തിറക്കിയത് പി.രാജീവിന്‍റെ തന്ത്രമായിരുന്നു.കനത്ത തോൽവിയുടെ ഉത്തരവാദിത്തവും മന്ത്രിയിൽ തന്നെ എത്തിനിൽക്കുന്നു.
തോൽവി ഗൗരവത്തോടെ പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതോടെ തെരഞ്ഞെടുപ്പ് റിവ്യു വൈകില്ല. ബൂത്ത് തലം മുതൽ മണ്ഡലം കമ്മിറ്റി നൽകിയ ഫലവും യഥാർത്ഥ ഫലവും തമ്മിലുള്ള താരതമ്യത്തിൽ വ്യത്യാസം വലുതാണ്. 2500വോട്ടിന് ജയിക്കാനോ തോൽക്കാനോ സാധ്യതയുണ്ടെന്ന് സിപിഎം ആഭ്യന്തരമായി വിലയിരുത്തിയിടത്താണ് 25000വോട്ടിന്‍റെ വൻ തോൽവി എൽഡിഎഫ് നേരിട്ടത്.
2012 നിയമസഭാ തെരഞ്ഞെടുപ്പിൽ 140 വോട്ടിന് തോറ്റപ്പോൾ പോലും വിട്ടുവീഴ്ചക്ക് നേതൃത്വം തയ്യാറായിരുന്നില്ല. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം മണിശങ്കറിനെതിരെയും വൈറ്റില ഏര്യാ സെക്രട്ടറിക്കെതിരെ കടുത്ത നടപടിയെടുത്ത സിപിഎം 2021ലെക്കാൾ വലിയ പരാജയത്തിൽ ആർക്കൊക്കെ എതിരെ വാളോങ്ങും എന്നതും ശ്രദ്ധേയം.2021ൽ ബൂത്തുകളുടെ എണ്ണത്തിലെ ലീഡ് ഈ തെരഞ്ഞെടുപ്പിൽ മൂന്നിലൊന്നായി കുറഞ്ഞതും തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു.












