കൊച്ചി : ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തൃക്കാക്കരയിൽ ഇടത് മുന്നണിക്കുണ്ടായ തോൽവി വിലയിരുത്താൻ സിപിഎം. എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുകയാണ്. തൃക്കാക്കര തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച മന്ത്രി പി രാജീവ് അടക്കമുളളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ഇറക്കി വൻ പ്രചാരണമായിരുന്നു തൃക്കാക്കരയിൽ സിപിഎം നടത്തിയത്. സ്ഥാനാർത്ഥിയും പ്രചാരണം നയിച്ച നേതാക്കളും ആത്മവിശ്വാസത്തിലായിരുന്നുവെങ്കിലും ഫലം വന്നപ്പോൾ വിധി യുഡിഎഫിന് അനുകൂലമായി. സിപിഎം ജില്ലാ കമ്മറ്റിയുടെ കണക്കുകൾ അമ്പേ പരാജയപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിലേത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതൽ വോട്ട് ലഭിച്ചെങ്കിലും മുന്നണി നടത്തിയ പ്രവർത്തനങ്ങൾക്ക് അർഹമായ ഫലം ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. ഫലപ്രഖ്യാപനത്തിന് പിന്നാലെ ചേരുന്ന യോഗമായതിനാൽ തൃക്കാക്കര ചർച്ചയാകുമെങ്കിലും സംസ്ഥാന നേതാക്കളടക്കം പങ്കെടുക്കുന്ന വിശദമായ യോഗം പിന്നീടുണ്ടാകും.