കൊല്ലം : നീണ്ടകര ഹാര്‍ബറിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മത്സ്യ ബന്ധന ബോട്ടിലെ സ്റ്റോറിൽ നിന്നാണ് മീൻ കണ്ടെടുത്തത്. ഹാര്‍ബര്‍ വഴി പഴകിയ മീൻ എത്തിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തിയത്. പിടിച്ചെടുത്ത മത്സ്യം കുഴിച്ചു മൂടി. മീനിലെ രാസവസ്തു സാന്നിധ്യം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് കൊച്ചിയിലെ ലാബിലേക്കയച്ചു.
അതേസമയം, കാസർകോട് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച ദേവനന്ദയുടെ കുടുംബത്തിന് സർക്കാർ ഇതുവരെ സഹായധനം പ്രഖ്യാപിക്കാത്തത് കുടുംബത്തെ വലയ്ക്കുകയാണ്. ഭർത്താവിനെ നഷ്ടപ്പെട്ട് മൂന്ന് മാസം കഴിയും മുന്നേ മകളെയും നഷ്ടപ്പെട്ട ദേവനന്ദയുടെ അമ്മ സമാനതകളില്ലാത്ത ദുരന്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തങ്ങൾക്ക് സംഭവിച്ച ദുരന്തം ഇനിയൊരാൾക്കും സംഭവിക്കാതിരിക്കാൻ കർശന നടപടി വേണമെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് ആവശ്യപ്പെട്ടു.
പതിനാറാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ഏകമകൾ ദേവനന്ദയെ പ്രസന്നയ്ക്ക് നഷ്ടമായത്. കൂട്ടുകാർക്കൊപ്പം ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തെ ഐഡിയൽ ഫുഡ് കോർണറിൽ നിന്ന് ഭക്ഷണം കഴിച്ച ദേവനന്ദയുടെ ജീവൻ അപഹരിച്ചത് ഷവർമയിലെ അണുബാധയായിരുന്നു. തുടർന്നിങ്ങോട്ട് പരിശോധനകൾ കർശനമായെങ്കിലും മരിച്ച ദേവനന്ദയുടെ കുടുംബത്തിന് ഇതുവരെ സഹായധനം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയുടെ കൂടി ഫലമായാണ് മരണമെന്നിരിക്കെയാണ് സർക്കാരിന്റെ ഈ അനാസ്ഥ.
മകളെ നഷ്ടപ്പെട്ട വേദനയിലും പ്രസന്ന പറയുന്നത് ആ കച്ചവടം ഇനി വേണ്ട എന്ന് മാത്രമാണ്. ചെറുവത്തൂരിലേത് ലൈസൻസില്ലാത്ത കടയാണ്. അനുമതിയുണ്ടെങ്കിലും സുരക്ഷയില്ലാത്ത ഭക്ഷണം വിൽക്കാനനുവദിക്കരുതെന്നും പ്രസന്ന ആവശ്യപ്പെട്ടു. ഷവർമയിൽ അടങ്ങിയ ഷിഗല്ലയാണ് മരണകാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ നടത്തിപ്പുകാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടർന്ന് പരിശോധനകൾ ഊർജിതമാക്കിയിരുന്നു.