ഇസ്ലാമാബാദ് : പാകിസ്ഥാനിൽ പാചകവാതക വില കുത്തനെ ഉയർന്നു. സതേൺ ഗ്യാസ് കമ്പനി (എസ്എസ്ജിസി), നോർത്തേൺ ഗ്യാസ് പൈപ്പ്ലൈൻസ് ലിമിറ്റഡ് (എസ്എൻജിപിഎൽ) എന്നിവയുടെ ഗ്യാസ് വില വർധിപ്പിക്കാൻ ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി (ഒജിആർഎ) അനുമതി നൽകി. എസ്എസ്ജിസി ഉപഭോക്താക്കൾക്ക് 44 ശതമാനവും എസ്എൻജിപിഎൽ ഉപഭോക്താക്കൾക്ക് 45 ശതമാനവും വർധിച്ചതായി ന്യൂസ് റിപ്പോർട്ട് ചെയ്തു. എസ് എസ് ജി സി ഉപഭോക്താക്കൾ ഒരു സിലിണ്ടറിന് 308.53 രൂപ വർദ്ധനയോടെ 1007 രൂപ നൽകേണ്ടി വരും. എസ് എൻ ജി പി എൽ ഉപഭോക്താക്കൾ നൽകേണ്ട വില 854.52 രൂപയായും വർധിച്ചു.
ജൂലൈ ഒന്നുമുതലാണ് വില വർധനവ് നിലവിൽ വരുക. ഇന്ധന വില വർധനവിനെ തുടർന്ന് പാകിസ്ഥാനിൽ ജനം തെരുവിലിറങ്ങിയിരുന്നു. സമീപകാലത്ത് വൈദ്യുതിക്കും വില വർധിപ്പിച്ചു. പിന്നാലെയാണ് ഗ്യാസ് വിലയിലും വലിയ വർധനവ് വരുത്തിയത്. ഇന്ധന സബ്‌സിഡി എടുത്തുകളഞ്ഞതോടെ പെട്രോൾ വില 30 രൂപ വർധിച്ചിരുന്നു. നിലവിൽ പാകിസ്ഥാനിൽ പെട്രോൾ വില 209.86 രൂപയും ഡീസലിന് 204.15 രൂപയും മണ്ണെണ്ണയുടെ വില 181.56 രൂപയും ആയും ഉയർന്നു.