ഷാര്‍ജ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഷാര്‍ജയിലെയും അജ്മാനിലെയും ഭരണാധികാരികളെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ച. പരസ്പരമുള്ള സാഹോദര്യം പുതുക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കൗണ്‍സില്‍ അംഗങ്ങളായ ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി, അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍നുഐമി എന്നിവരെ സന്ദര്‍ശിച്ചത്.
അല്‍ബദീഅ് പാലസിലാണ് ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയത്. ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഉപഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസാമി എന്നിവരും മറ്റ് പ്രമുഖരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അജ്മാന്‍ റൂളേഴ്‌സ് കോര്‍ട്ടിലാണ് അജ്മാന്‍ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് കൂടിക്കാഴ്ച നടത്തിയത്. വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസം ഖസ്ര്‍ അല്‍ദൈദില്‍ പൗരന്മാരുമായും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട. പ്രസിഡന്റിനെ കാണാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ അല്‍ ദൈദ് ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്യണം. ഉവര്‍ അല്‍ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കുകയും വേണം.