കായംകുളം : ടൗൺ ഗവ സ്കൂളിലെ ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ്. കൂടുതൽ പരിശോധനയ്ക്കായി വയറിളക്കം ബാധിച്ച നാല് കുട്ടികളുടെ വിസർജ്യം പരിശോധിക്കാൻ തീരുമാനിച്ചു. ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലേക്ക് സാമ്പിളുകൾ അയച്ചു. ഏതെങ്കിലും തരത്തിലുള്ള വൈറസ് ബാധ ഉണ്ടായോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
സ്കൂളിലെ അഞ്ഞൂറിലധികം പേർ ഉച്ച ഭക്ഷണം കഴിച്ചപ്പോൾ ആകെ 15 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആഹാരസാധനങ്ങൾ ഉണ്ടാക്കാൻ ഉപയോഗിച്ച വസ്തുക്കളുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. പയർ, മുളക് പൊടി ,മല്ലിപ്പൊടി, അരി തുടങ്ങിയവയുടെ സാമ്പിളുകളാണ് ശേഖരിച്ചത്. തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷാ ലാബിൽ ഇവ പരിശോധിക്കും. ലാബുകളിലെ ഫലം ലഭിച്ചാലേ വ്യക്തത ഉണ്ടാകൂവെന്നാണ് അധികൃതർ പറയുന്നത്. അതിനിടെ ചികിത്സ തേടിയ മുഴുവൻ കുട്ടികളും വീട്ടിലേക്ക് മടങ്ങി.
കായംകുളത്ത് പുത്തൻ റോഡ് ടൗൺ ഗവൺമെന്റ് യു പി സ്കൂളിൽ നിന്ന് വിതരണം ചെയ്ത ചോറും സാമ്പാറും പയറ് തോരനുമാണ് കുട്ടികൾ കഴിച്ചത്. ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായതിനെ തുടർന്നാണ് 15 കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി. കുട്ടികൾക്ക് വിതരണം ചെയ്ത ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അടക്കം സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതിൽ ഒന്നും കണ്ടെത്താനാകാതെ വന്നതോടെയാണ് കൂടുതൽ പരിശോധന തീരുമാനിച്ചത്.