കൊച്ചി : ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിൽ പത്ത് വയസുകാരനായ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ എച്ച് നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ വസതിയിലാണ് ഹാജരാക്കുക. കുട്ടി മുദ്രാവാക്യം വിളിച്ച പി എഫ് ഐ പ്രകടനത്തിന്‍റെ സംഘാടകൻ എന്ന നിലയിലാണ് നാസറിനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 3l ആയി. മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരന്റെ പിതാവും കുട്ടിയെ തോളിലേറ്റിയ ആളും നേരത്തെ അറസ്റ്റിലായിരുന്നു.
വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പൊലീസ് റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ പഠിപ്പിച്ചത് കേസിലെ ഇരുപത്തിയാറാം പ്രതി സുധീറാണെന്നാണ് റിപ്പോർട്ടിലുള്ളത്. എസ്‍ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയാണ് സുധീർ. കുട്ടിയുടെ പിതാവ് അസ്കറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സുധീർ. ഇയാൾ അസ്കറിന്റെ പള്ളുരുത്തിയിലെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നുവെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ അച്ഛൻ അസ്‍കറും പഠിപ്പിച്ചിരുന്നു. റാലിക്കിടെ കുട്ടി മുഴക്കിയ വിദ്വേഷ മുദ്രാവാക്യം അസ്കർ ഏറ്റുചൊല്ലിയിരുന്നു. ആലപ്പുഴയിൽ ഈ സംഭവത്തിന് മുമ്പും അതിന് ശേഷവും മതസ്പർധ ആളിക്കത്തിക്കുന്നതിനുള്ള ബോധപൂർവമായ ഇടപെടൽ ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.