ഹൈദരാബാദ്: ഹൈദരാബാദില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. 11 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ടാക്സി ഡ്രൈവറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം, ഹൈദരാബാദിലെ കൂട്ടബലാത്സംഗ കേസില്‍ പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി അറസ്റ്റിലായതോടെ, പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇന്ന് രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെന്ന സംശയിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പ്രതികളെ ഉടന്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. തെലങ്കാന ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി.
തെലങ്കാന ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം തുടരുകയാണ്. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങള്‍ മറച്ചുവച്ച് കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. എന്നാല്‍ പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാടാണ് പൊലീസ് ആവർത്തിക്കുന്നത്. ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ബെന്‍സ് കാറില്‍ ജൂബിലി ഹില്‍സില്‍ കൊണ്ടുവന്ന് മറ്റൊരു ഇന്നോവ കാറില്‍ വച്ചാണ് പീഡിപ്പിച്ചത്. ഈ വെളുത്ത ഇന്നോവ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി പാര്‍ട്ടിക്കെത്തിയ പബ്ബില്‍ പൊലീസ് പരിശോധന നടത്തി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിളമ്പിയതില്‍ പബ്ബിനെതിരെ കേസെടുത്തു.
വഖഫ് ബോര്‍ഡ് അംഗമായ മുതിര്‍ന്ന ടിആര്‍എസ് നേതാവിന്‍റെ മകന്‍, ഒരു ടിആര്‍എസ് എംഎല്‍എയുടെ മകന്‍, എഐഎംഐഎം നേതാവിന്‍റെ മകനുമാണ് അറസ്റ്റിലായതെന്ന ആരോപണം ശക്തമാണ്. എന്നാല്‍ പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. തെലങ്കാന ആഭ്യന്തര മന്ത്രി മൊഹമ്മൂദ് അലിയുടെ കൊച്ചുമകനും കേസില്‍ പങ്കുണ്ടെന്ന് ബിജെപിയും കോണ്‍ഗ്രസും ആരോപിച്ചു. എഐഎംഐഎം നേതാവിന്‍റെ മകന്‍റേത് എന്ന പേരിലുള്ള ചിത്രം കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ടിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടും ഒന്നര ദിവസം കഴിഞ്ഞാണ് പോക്സോ വകുപ്പില്‍ കേസെടുത്തത്. പൊലീസ് അനാസ്ഥയുണ്ടായെന്ന ആരോപണം ശക്തമായതിനിടെ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടി. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ ബാലാവകാശ കമ്മീഷനും സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.