എറണാകുളം: കൊച്ചിയിൽ അഭിഭാഷകനെ മർദ്ദിച്ച കേസിലെ പ്രതിയെ ജില്ല കോടതിയിൽ ഹാജരാക്കുന്നതിനിടെ അഭിഭാഷകർ കൂട്ടം ചേർന്ന് മർദ്ദിച്ചു. തടയാൻ ശ്രമിച്ച പൊലീസിനെ അഭിഭാഷകർ കയ്യേറ്റം ചെയ്തു. പൊലീസ് ജീപ്പിന്‍റെ ചില്ല് അടിച്ച് തകർത്തു. ഹൈക്കോടതി അഭിഭാഷകൻ ലിയോ ലൂക്കോസിനെ കഴിഞ്ഞ ദിവസമാണ് തൊടുപുഴ സ്വദേശിയായ പ്രതി ജിജോ സെബാസ്റ്റ്യൻ മർദ്ദിച്ചത്. ആക്രമത്തിൽ ലിയോക്ക് ചെവിക്ക് പരിക്കേറ്റിരുന്നു.
വാഹനം മറികടക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിലായിരുന്നു മർദ്ദനം. ഈ സമയം അതുവഴി പോയ ഹൈക്കോടതി ജഡ്ജി ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെ കൊണ്ട് പ്രതിയെ പിടിച്ച് മാറ്റിയശേഷം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഹൈക്കോടതി അഭിഭാഷകനെ മർദ്ദിച്ചയാളെ ജഡ്ജി തൽസമയം ഇടപെട്ട് പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. എറണാകുളം ഫോർ ഷോർ റോഡിൽ കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.
ഹൈക്കോടതിയിലേക്ക് കാറിൽ പോകുകയായിരുന്ന അഡ്വ ലിയോ ലൂക്കോസിനാണ് മർദ്ദനമേറ്റത്. ലിയോ സഞ്ചരിച്ചിരുന്ന കാറിന്‍റെ പിൻവശത്ത് കാർ ഇടിച്ച ശേഷം ഇറങ്ങി വന്ന് മുഖത്തിന് അടിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ അത് വഴി പോവുകയായിരുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എൻ നഗരേഷ് കൂടെ ഉണ്ടായിരുന്ന പൊലീസുകാരനെ കൊണ്ട് പ്രതിയെ പിടിച്ചുമാറ്റി പൊലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. അടിയുടെ ആഘാതത്തിൽ അഭിഭാഷകന്‍റെ ശ്രവണശേഷിക്ക് തകരാർ സംഭവിച്ചിരുന്നു. കാറിന്‍റെ താക്കോൽ ഉപയോഗിച്ചായിരുന്നു മർദ്ദനം. പരിക്കേറ്റ അഭിഭാഷകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.