ന്യൂഡൽഹി : രാജ്യത്തെ കറൻസി നോട്ടുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു പുറമേ രബീന്ദ്രനാഥ് ടഗോർ, എ.പി.ജെ. അബ്ദുൽ കലാം എന്നിവരെ കൂടി ഉൾപ്പെടുത്താൻ ആലോചനകൾ നടക്കുന്നതായി റിപ്പോർട്ട്. റിസർവ് ബാങ്ക് ഇതു സംബന്ധിച്ച് ആലോചനകൾ നടത്തിവരികയാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.ഗാന്ധിജിയെ കൂടാതെ മറ്റ് പ്രമുഖരെയും നോട്ടുകളിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നത് ഇതാദ്യമാണ്. ആർബിഐയും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഗാന്ധിജി, ടഗോർ, കലാം എന്നിവരുടെ വാട്ടർമാർക്കുകളുടെ രണ്ടു വ്യത്യസ്ത സെറ്റ് സാംപിളുകൾ തയാറാക്കി.സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ഐഐടി ഡൽഹി എമറിറ്റസ് പ്രഫസർ ദിലീപ് ടി.ഷഹാനിക്ക് അയച്ചിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന സാംപിൾ സർക്കാരിന്റെ പരിഗണനയ്ക്ക് നൽകുമെന്നും അന്തിമതീരുമാനം ഉന്നത തലത്തിൽ എടുക്കുമെന്നുമാണു സൂചന.