തിരുവനന്തപുരം : താൻ ലീഡർ അല്ലെന്നും, ലീഡർ എന്ന വിളിയ്ക്ക് അർഹനായ ഒരേയൊരാൾ മാത്രമേയുള്ളൂ കേരളരാഷ്ട്രീയത്തിൽ, അത് ലീഡർ കെ കരുണാകരനാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ക്യാപ്റ്റൻ വിളിയിലും ലീഡർ വിളിയിലും ഒന്നും താൻ വീഴില്ല. തന്റെ മാത്രം ഫ്ലക്സ് വച്ചാൽ അത് ശരിയല്ല, എന്ന് തന്നെയാണ് അഭിപ്രായം. ഫ്ലക്സ് വയ്ക്കുകയാണെങ്കിൽ എല്ലാവരുടെയും ഫ്ലക്സ് വയ്ക്കണം. തന്റെ മാത്രം ചിത്രമുള്ള ഫ്ലക്സ് ഉണ്ടെങ്കിൽ അത് ഇന്ന് തന്നെ മാറ്റിക്കുമെന്നും വി ഡി സതീശൻ തിരുവനനന്തപുരം വിമാനത്താവളത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തൃക്കാക്കര വിജയത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വി ഡി സതീശന് വൻ സ്വീകരണമാണ് തിരുവനന്തപുരം ഡിസിസി ഒരുക്കിയത്. സതീശനെ തോളിലേറ്റിയാണ് പ്രവർത്തകർ പുറത്തേക്ക് ആനയിച്ചത്. പ്രവർത്തകരുടെ സന്തോഷമാണ് സ്വീകരണത്തിലൂടെ അവർ പ്രകടിപ്പിക്കുന്നതെന്ന് സതീശൻ.