കൊൽക്കത്ത: മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ബിജിൻ കൃഷ്ണയെ ബംഗാളിലെ ദക്ഷിൺ ദിനാജ്പൂർ ജില്ലാ കലക്ടറായി (ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്) നിയമിച്ചു. 2012 ബാച്ച് ബംഗാൾ കേഡർ ഉദ്യോഗസ്ഥനായ ബിജിൻ കൃഷ്ണ അനിമൽ റിസോഴ്സ് ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു. ഹൗറ മുൻസിപ്പൽ കോർപറേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളിയായ അയേഷ റാണിക്കു പകരമാണ് ബിജിൻ കൃഷ്ണ ദക്ഷിൺ ദിനാജ്പുർ കലക്ടറായി ചുമതലയേറ്റത്.
2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ അയേഷയെ പശ്ചിമ മിഡ്നാപുർ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായും ബംഗാൾ സർക്കാർ നിയമിച്ചു. സിവിൽ സർവീസിൽ പ്രവേശിക്കും മുൻപ് കോഗ്നിസെന്റ് ചെന്നൈ, കലിഫോർണിയ സെന്ററുകളിൽ സോഫ്റ്റ്‍വെയർ എൻജിനീയറായിരുന്നു ബിജിൻ. കോഴിക്കോട് കീഴ്പ്പയൂർ ശ്രീലകം വീട്ടിൽ ബാലകൃഷ്ണൻ തണ്ടാലത്തിന്റെയും ഗീതാ കേളോത്തിന്റെയും മകനാണ്.ഭാര്യ ശ്രീസൂര്യ തിരുവോത്ത് കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഫോർ വുമൺ സംസ്ഥാന കോ-ഓർഡിനേറ്ററാണ്. ട്വന്റി വൺ ഗ്രാംസ് എന്ന സിനിമയുടെ സംവിധായകനായ ബിബിൻ കൃഷ്ണ സഹോദരനാണ്.