പനാജി : ഭർത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിത ഗോവയിൽ ബലാത്സംഗത്തിനിരയായി. നോർത്ത് ഗോവയിലെ അരംബോൾ ബീച്ചിന് സമീപമുള്ള പ്രശസ്തമായ സ്വീറ്റ് ലേക്കിൽ വെച്ചാണ് ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിനിരയായത്. പ്രതിയായ 32 കാരനെ ഗോവ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ബീച്ചിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കയായ ബ്രിട്ടീഷ് യുവതിയെ പ്രതിയായ ജോയൽ വിൻസെന്റ് ഡിസൂസ ആക്രമിച്ച് കീഴടക്കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതി തിങ്കളാഴ്ചയാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.