തിരുവനന്തപുരം : ചെങ്കോട്ടുകോണത്ത് കെഎസ്ആർടിസി കണ്ടക്ടറെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. ശ്രീകാര്യം പോലീസാണ് കൊലക്കേസിൽ പ്രതിയായ ദീപുവിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് പോത്തൻകോട്ട് നിന്ന് വികാസ് ഭവനിലേക്ക് വന്ന ബസിലെ കണ്ടക്ടർ സുനിൽകുമാറിന് നേരെ ആക്രമണം ഉണ്ടായത്. ഇടിക്കട്ട കൊണ്ടുള്ള ആക്രമണത്തിൽ സുനിൽകുമാറിന്റെ മൂക്കിന്റെ പാലം തകർന്നു. മുഖത്ത് രണ്ടിടത്തായി തുന്നിക്കെട്ടേണ്ടി വന്നു.
ചെങ്കോട്ടുകോണത്ത് ബസ് നിർത്തിയപ്പോൾ ബസിൽ കയറിയ ഒരാൾ ഡോർ അടയ്ക്കാതെ പുറത്തുനിന്നവരോട് സംസാരിച്ചു. കണ്ടക്ടർ ബെല്ലടിച്ചിട്ടും ഡോർ അടച്ചില്ല. ഇതേതുടർന്ന് ഡോർ വലിച്ചടച്ച കണ്ടക്ടറുമായി ഇയാൾ വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ബസിനെ പിന്തുടർന്ന് ബൈക്കിലെത്തിയ രണ്ടുപേർ ബസ് തടയുകയും അകത്ത് കയറി ബസിലുണ്ടായിരുന്ന ആൾക്കൊപ്പം ചേർന്ന് കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു. കണ്ടക്ടറുടെ പരാതിയിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
വെടിവെച്ചാൻ കോവിലിലും ഇന്നലെ യാത്രക്കാരൻ കെഎസ്ആർടിസി കണ്ടക്ടറെ ആക്രമിച്ചിരുന്നു. ബസ്സിൽ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റി എന്ന് ആരോപിച്ചാണ് അസഭ്യം പറയുകയും ആക്രമണം നടത്തുകയുമായിരുന്നു എന്നാണ് പരാതി. കണ്ടക്ടർ ബിജുവിനെ മർദ്ദിക്കുകയും ടിക്കറ്റ് മെഷീനും ക്യാഷ്ബാഗും തട്ടിയെടുത്ത് വലിച്ചെറിയുകയും ചെയ്തയാളെ യാത്രക്കാർ പിടികൂടി പട്രോളിങ് സംഘത്തിന് കൈമാറിയിരുന്നു. സംഭവത്തിൽ നേമം പോലീസ് കേസെടുത്തിട്ടുണ്ട്.