തിരുവനന്തപുരം: ഭാഗ്യക്കുറി ബംപർ സമ്മാനം നേടിയവരുടെ സാമ്പത്തിക നേട്ടങ്ങളും പാളിച്ചകളും പഠിക്കാൻ ലോട്ടറി വകുപ്പ് തയാറെടുക്കുന്നു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനെ ഇതിനായി ചുമതലപ്പെടുത്തി. മൂന്നു മാസത്തിനകം പഠനം പൂർത്തിയാക്കാനാണ് നിർദേശം. 20 വർഷത്തിനിടെ ബംപർ സമ്മാനം നേടിയവരുടെ ഇന്നത്തെ സാമ്പത്തിക സ്ഥിതി പഠനത്തിലൂടെ വിലയിരുത്തും.
ഭാഗ്യക്കുറി സമ്മാനം നേടുന്നവരില്‍ പലരും പണം അലക്ഷ്യമായി കൈകാര്യം ചെയ്തു നഷ്ടപ്പെടുത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ജേതാക്കൾക്കു സാമ്പത്തിക കാര്യങ്ങളിൽ ക്ലാസുകൾ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഏതെല്ലാം മേഖലകളിലാണ് ക്ലാസ് നല്‍കേണ്ടതെന്ന് മനസ്സിലാക്കാനാണ് പഠനം. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പഠനം.
ഒരു വർഷം ആറു ബംപർ സമ്മാന ഭാഗ്യക്കുറികളാണുള്ളത്. 10 കോടിയാണ് ഉയർന്ന സമ്മാനത്തുക. 10 കോടി ലോട്ടറിയടിച്ചാൽ 1.20 കോടി രൂപ ഏജന്റിന്റെ വിഹിതവും 2.64 കോടി രൂപ നികുതിയും കഴിഞ്ഞ് 6.16 കോടി രൂപ ജേതാവിനു ലഭിക്കും. 20 വർഷത്തിനിടെ ലോട്ടറി അടിച്ച എല്ലാ വിജയികളെയും നേരിൽ കണ്ട് അനുഭവങ്ങൾ ശേഖരിക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുശേഷം ഏതു തരത്തിലുള്ള ക്ലാസുകളാണ് ലോട്ടറി ജേതാക്കൾക്കു നൽകേണ്ടതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ശുപാർശ ചെയ്യും.
സർക്കാർ തലത്തിൽ ഇതു പരിശോധിച്ചശേഷം പരിശീലന ക്ലാസുകളുടെ ഘടന രൂപീകരിക്കും. ജേതാക്കൾക്കു പണം സുരക്ഷിതമായി ചെലവാക്കാൻ ഒരു വഴികാട്ടിയായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് ലോട്ടറി വകുപ്പ് അധികൃതർ പറയുന്നു. മക്കളുടെയും ബന്ധുക്കളുടെയും സമ്മര്‍ദം കൊണ്ട് പണം മറ്റു കാര്യങ്ങൾക്കായി ചെലവഴിച്ചു തീർത്ത് ദാരിദ്ര്യത്തിൽ ജീവിക്കേണ്ടി വന്നവരും, ധൂർത്തടിച്ച് നശിപ്പിച്ചവരും ജേതാക്കളുടെ കൂട്ടത്തിലുണ്ട്. ബന്ധുക്കളായ ജേതാക്കൾ തമ്മിൽ തല്ലിപ്പിരിഞ്ഞ കഥകളും അനേകം. പരിശീലനത്തിലൂടെ ഇതെല്ലാം ഒരുപരിധിവരെ അവസാനിപ്പിക്കാനാകുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.