പട്ന: ബിഹാറിൽ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരണമെന്ന ബിജെപിയുടെ നിർദേശം മുഖ്യമന്ത്രി നിതീഷ് കുമാർ നിരാകരിച്ചു. നിയമവും ചട്ടങ്ങളും കൊണ്ടു ജനസംഖ്യ നിയന്ത്രിക്കാൻ കഴിയില്ലെന്നു നിതീഷ് കുമാർ പ്രതികരിച്ചു.
ബിജെപി മന്ത്രി നീരജ് കുമാർ സിങ്ങാണ് ബിഹാറിൽ ജനസംഖ്യാ നിയന്ത്രണത്തിനു നിയമം കൊണ്ടു വരണമെന്ന ആവശ്യമുന്നയിച്ചത്. ബിഹാറിൽ ജനസംഖ്യാ വർധന അമിതമായതിനാലാണു വികസന പ്രവർത്തനങ്ങൾ അപര്യാപ്തമാകുന്നതെന്നായിരുന്നു നീരജ് കുമാർ സിങ്ങിന്റെ വാദം. ദേശീയ തലത്തിൽ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരുമെന്നു കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
പെൺകുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെയെ ജനസംഖ്യ നിയന്ത്രിക്കാൻ കഴിയുകയുള്ളുവെന്നു നിതീഷ് കുമാർ പറഞ്ഞു. ബിഹാറിൽ മുൻപു നടത്തിയ പഠനങ്ങളിൽ സ്ത്രീകളുടെ വിദ്യാഭ്യാസം കൂടുന്നതനുസരിച്ചു കുട്ടികളുടെ എണ്ണം കുറയുന്നതായി കണ്ടെത്തിയെന്നും നിതീഷ് വിശദീകരിച്ചു.