തൊടുപുഴ: ജില്ലയിൽ തക്കാളിപ്പനി വ്യാപകമാകുന്നു. മേയിൽ മാത്രം 60 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 18 കേസുകൾ സ്ഥിരീകരിച്ചവയും 42 കേസുകൾ സംശയിക്കുന്നവയാണ്. ഈ വർഷം ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 75 കേസുകളാണ്. ഇതിൽ 24 എണ്ണം സ്ഥിരീകരിച്ചു.
51 എണ്ണം തക്കാളിപ്പനിയെന്ന് സംശയിക്കുന്നവയാണ്. ഈ വർഷം റിപ്പോർട്ട് ചെയ്ത 75 കേസുകളിൽ 74 എണ്ണവും ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണ്. ഏപ്രിലിൽ അഞ്ച്, മേയിൽ 60, ജൂണിൽ ഒമ്പത് എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ.സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയവരുടെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരുടെയും സ്വയം ചികിത്സിച്ചവരുടെയും കണക്കുകൾ കൂടി ആകുമ്പോൾ മൂന്ന് ഇരട്ടിയെങ്കിലും വരുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
വായിലും കൈകാലുകളിലും തക്കാളിയുടെ നിറത്തിൽ ചെറു കുമിളകൾ ഉണ്ടാകുന്നതാണ് രോഗ ലക്ഷണം. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് സാധാരണ കാണുന്നതെങ്കിലും ഇപ്പോൾ മുതിർന്നവരിലും കണ്ടു വരുന്നുണ്ട്. കോക്സാക്കി എന്ന വൈറസ് പരത്തുന്ന രോഗം വേഗത്തിൽ പകരും.
മഴക്കാലം ആരംഭിച്ചതോടെ എലിപ്പനിയും ജില്ലയിൽ കൂടിവരികയാണ്. ഈ വർഷം ഇതുവരെ 35 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഏഴെണ്ണം സ്ഥിരീകരിച്ചതും 28 എണ്ണം സംശയിക്കുന്നവയുമാണ്. മേയ് മാസത്തിൽ 12 കേസുകൾ റിപ്പോർട്ട് ചെയ്തു. ജൂണിൽ ഇതുവരെ ഒരു കേസ് ആണ് റിപ്പോർട്ട് ചെയ്തത്.