ഇടുക്കി: നെടുങ്കണ്ടത്ത് വിതരണം ചെയ്ത റേഷന്‍ അരിയില്‍ വ്യാപകമായി വണ്ടുകളേയും ചെറു പ്രാണികളേയും കണ്ടെത്തി. ഉപയോഗ ശൂന്യമായ അരി ഉപഭോക്താക്കള്‍ തിരികെ എത്തിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പകരം അരി വിതരണം ചെയ്യുമെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചു. നെടുങ്കണ്ടം കിഴക്കേ കവലയില്‍ പ്രവര്‍ത്തിയ്ക്കുന്ന റേഷന്‍ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വിതരണം ചെയ്ത അരിയിലാണ് വണ്ടുകളേയും ചെറു പ്രാണികളേയും കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങിയ നിരവധി ഉപഭോക്താക്കള്‍ക്ക് ഉപയോഗ ശൂന്യമായ അരിയാണ് ലഭിച്ചത്. ഇവരില്‍ പലരും അരി തിരികെ എത്തിച്ചു. റേഷന്‍ സ്ഥാപന ഉടമ പകരം അരി വിതരണം ചെയ്തു. ഗോഡൗണിലെ ഗോതമ്പ് ചാക്കുകളില്‍ നിന്ന് വണ്ടുകളും പ്രാണികളും പെരുകിയതാവാമെന്നാണ് സപ്ലൈകോയുടെ വിശദീകരണം.
വണ്ടന്‍മേട്ടിലെ ഗോഡൗണില്‍ ഗോതമ്പ് ചാക്കുകള്‍ക്ക് സമീപത്തായാണ് അരി ചാക്കുകളും സൂക്ഷിച്ചിരുന്നത്. ഉപഭോക്താക്കള്‍ തിരികെ എത്തിച്ച അരിയ്ക്ക് പകരം ഗുണമേന്മയുള്ള അരി റേഷന്‍ സ്ഥാപനത്തിലേയ്ക്ക് വിതരണം ചെയ്യും. മറ്റ് റേഷന്‍ കടകളില്‍ വിതരണത്തിനായി എത്തിച്ച അരിയില്‍ വണ്ടുകള്‍ ഉണ്ടോ എന്നത് സംബന്ധിച്ചും അന്വേഷിയ്ക്കും.
അതേ സമയം സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യ പരിശോധനാ ലാബുകൾ തുറക്കാൻ തീരുമാനമായി. കണ്ണൂരും പത്തനംതിട്ടയിലുമാണ് പുതിയ ലാബുകൾ തുറക്കുക. ഇപ്പോൾ നടക്കുന്ന ഭക്ഷ്യ സുരക്ഷ പരിശോധനകള്‍ തുടരുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുമ്പോഴും പര്യാപ്തമായ ലാബ് പരിശോധനാ സംവിധാനമില്ലാത്തത് സംസ്ഥാനത്തിന് തിരിച്ചടിയാണ്. നിലവിലുള്ള ലാബുകളില്‍ സാധാരണക്കാർ നൽകുന്ന സാംപിളുകളിൽ ഫലം കിട്ടാൻ എടുക്കുന്നത് ആഴ്ച്ചകളോ ഒരു മാസത്തിലധികമോ ആണ്. സങ്കീർണവും ചെലവേറിയതുമാണ് പരിശോധന എന്നിരിക്കെ 14 ജില്ലകൾക്കുമായി നിലവില്‍ ആകെ 3 മേഖലാ ലാബുകൾ മാത്രമാണുള്ളത്. ആവശ്യത്തിന് മൈക്രോ ബയോളജിസ്റ്റുകളുമില്ല, 3 ലാബുകൾക്കും മൈക്രോ ബയോളജി പരിശോധനയ്ക്ക് എന്‍എബിഎല്‍ അംഗീകാരം ലഭിച്ചിട്ടുമില്ല. സംസ്ഥാനത്ത് തുടങ്ങാൻ തീരുമാനിച്ച റിസർച്ച് ലാബും എങ്ങുമെത്തിയില്ല.