ദില്ലി: സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട് ഇന്ത്യ കഴിഞ്ഞ ദിവസം വീണ്ടും പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വൈകാതെ അവ പിന്‍വലിക്കുകയും ചെയ്തു. പഴയ നിയമങ്ങളില്‍ മാറ്റങ്ങളൊന്നുമില്ല എങ്കിലും കമ്പനികള്‍ ഭരണഘടന ലംഘനം നടത്തിയതായി കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഒരു ഡ്രാഫ്റ്റില്‍ പറയുന്നുണ്ട്. ഇന്ത്യൻ ഭരണഘടന നല്‍കുന്ന അവകാശങ്ങളെ മാനിക്കണമെന്നും, കമ്പനികളുടെ ഉള്ളടക്കം സംബന്ധിച്ച പരാതികള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ പാനല്‍ വേണമെന്നും പ്രതിപാദിക്കുന്ന ഐടി നിയമത്തിന്റെ കരട് കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു. കൂടാതെ മാറ്റങ്ങള്‍ വരുത്താതെ ഇതിന്റെ ഡ്രാഫ്റ്റ് തിങ്കളാഴ്ച വീണ്ടും പുറത്തിറക്കിയ കേന്ദ്രസര്‍ക്കാര്‍ പൊതുജനാഭിപ്രായം അറിയിക്കാന്‍ 30 ദിവസവും നല്‍കി.
ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ലംഘനം നടത്താന്‍ സാങ്കേതിക രംഗത്തെ നിരവധി ഇടനിലക്കാര്‍ കൂട്ടുനില്‍ക്കുന്നു.ഇവയ്ക്ക് വിശ്വസനീയമായ നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ല എന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും കമ്പനിയെയോ പ്രത്യേക അവകാശങ്ങളെയോ കുറിച്ച് സര്‍ക്കാര്‍ പരാമര്‍ശിച്ചിട്ടില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ നിരവധി ബിഗ്ടെക് കമ്പനികളുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ തുടങ്ങിയവയുടെ നിയന്ത്രണം ശക്തമാക്കിയത് ഇതിനുദാഹരണമാണ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ട്വീറ്ററും തമ്മില്‍ കോമ്പുകോര്‍ത്തിരുന്നു. രാഷ്ട്രീയക്കാർ ഉൾപ്പെടെ സ്വാധീനമുള്ള വ്യക്തികളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതിനും ട്വീറ്ററ്‍ തിരിച്ചടി നേരിട്ടിരുന്നു. ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ എന്നിവര്‍ ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.