തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയെ രക്ഷിക്കാൻ മുതിർന്ന സിപിഐ നേതാക്കളുടെ നേതൃത്വത്തിൽ സേവ് കെഎസ്ആർടിസി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഇടത് സർക്കാർ ഭരിക്കുമ്പോള്‍ പൊതുമേഖലാ സംരക്ഷണത്തിനായി ഭരണകക്ഷി നേതാക്കളുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മറ്റി രൂപീകരിക്കുന്നത് ആദ്യമായാണ്. ശമ്പള വിതരണത്തിലെ പ്രശ്നങ്ങൾ ഉയര്‍ത്തിയുള്ള അംഗീകൃത യൂണിയനുകളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ അനിശ്ചിതകാല സമരവുമായി അംഗീകൃത യൂണിയനുകൾ പോകുമ്പോൾ പ്രതിഷേധ പരിപാടികൾ സ്ഥാപനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ് സിപിഐ അനുകൂല സംഘടനയായ എഐടിയുസി. തിരുവനന്തപുരത്ത് ബഹുജന കൺവെൻഷൻ വിളിച്ച എഐടിയുസി, സേവ് കെഎസ്ആടിസി-സേവ് എംപ്ലോയീസ് എന്ന മുദ്രാവാക്യമുയർത്തി 101 അംഗ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. സിപിഐയുടെ പ്രമുഖ നേതാവായ പന്ന്യൻ രവീന്ദ്രനാണ് അധ്യക്ഷൻ. സെക്രട്ടറി ഭരണപക്ഷ എംഎൽഎ കൂടിയായ വാഴൂർ സോമൻ ആണ്. നേരത്തേ BPCL, LIC , FACT തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ സേവ് ആക്ഷൻ കൗൺസിലുകൾ രൂപീകരിച്ചിട്ടുണ്ട്. ഇടത് സംഘടനകൾ കൂടി ചേർന്ന് നടത്തിയ ഇത്തരം മുന്നേറ്റങ്ങൾ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയായിരുന്നു. എന്നാൽ ഇതാദ്യമായി കേരളത്തിലെ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കാൻ സേവ് കൗൺസിൽ രൂപകരിക്കുന്നത്. അതും ഭരണ പക്ഷത്തെ ഇടത് നേതാക്കളുടെ നേതൃത്വത്തിൽ.
വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും ബഹുജന കൺവെൻഷൻ വിളിച്ച് സേവ് കെഎസ്ആടിസി ആക്ഷൻ കൗണസിൽ വിപുലീകരിക്കാനാണ് നീക്കം. ആദ്യഘട്ടത്തിൽ മുതിർന്ന നേതാക്കൾ തന്നെ മുന്നണിക്കും സർക്കാരിനും അകത്ത് ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കും. രണ്ടാം ഘട്ടത്തിൽ പരിഹാരം തേടി നിയമസഭാ മാർച്ച് അടക്കമുള്ള ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്ന് ആക്ഷൻ കൗൺസിൽ നേതാക്കൾ അറിയിച്ചു. അതേ സമയം മെയ് മസത്തെ ശമ്പളം നൽകാൻ കൂടുതൽ സർക്കാർ സഹായം കാത്തിരുക്കുകയാണ് കെഎസ്ആർടിസി മാനേജ്മെന്റ്.