ദില്ലി : പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിൽ നിയമപരിശോധന തുടങ്ങി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം. സംസ്ഥാനങ്ങളുടെ ആശങ്കയിൽ അനുഭാവപൂർവ്വമായ പരിഗണനയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അന്തിമഉത്തരവിൽ പുനപരിശോധന ഹർജി നൽകുന്നതടക്കം ചർച്ച ചെയ്യുന്നതായി വനം പരിസ്ഥിതി മന്ത്രാലയ വ്യത്തങ്ങൾ സൂചിപ്പിച്ചു
പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ വലിയ ആശങ്കയാണ് ജനവാസമേഖലകളെ സംബന്ധിച്ച് ഉയരുന്നത്. എന്നാൽ ഈ ആശങ്കയിൽ അനുഭാവപൂർവ്വമായ സമീപനമാണെന്നാണ് കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. ഉത്തരവ് മന്ത്രാലയത്തിന്റെ നിയമവിഭാഗം പരിശോധിക്കുകയാണ്. ഇതിൽ കേന്ദ്രത്തിന് പിടിവാശിയില്ലെന്നും പരാമവധി സംസ്ഥാനങ്ങൾക്ക് അനൂകൂലമായ നിലപാട് സുപ്രീം കോടതിയിൽ നിന്നും നേടാനുള്ള ഇടപെടലുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
ഉന്നതാധികാരസമിതി വഴിയോ കേന്ദ്രം നേരിട്ടോ സുപ്രീം കോടതിയെ സമീപിക്കും. അന്തിമഉത്തരവിൽ പുനപരിശോധന ഹർജി കേന്ദ്രം നേരിട്ടു നൽകുന്ന കാര്യവും പരിഗണനയിലാണ്. ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതിൽ വലിയ വെല്ലുവിളിയുണ്ടെന്നാണ വനം പരിസ്ഥിതി മന്ത്രിയുടെയും വിലയിരുത്തൽ. ഉത്തരവ് നടപ്പാക്കുന്നത് മുംബൈ, ചെന്നൈ, ദില്ലി, ഭുവനേശ്വർ അടക്കം നഗരങ്ങളുടെ തുടർവികസനത്തെ തടസ്സപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അതെസമയം കേരളത്തിലെ ആശങ്ക സംബന്ധിച്ച് രേഖാമൂലം അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും മന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു.