ദില്ലി : ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന് മേല്‍ കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജെയിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ഇ.ഡി അറിയിച്ചു. ആം ആദ്മി പാര്‍ട്ടിയിലെ ഒരുപാട് തലകള്‍ ഇനിയും ഉരുളുമെന്നാണ് ബിജെപിയുടെ പ്രതികരണം. അതേസമയം സത്യേന്ദ്ര ജെയിനിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.
സത്യേന്ദ്ര ജെയിനിന്റെ വീടടക്കം ഏഴിടങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടിലെ ശക്തമായ രേഖകള്‍ ലഭിച്ചതായി ഇ ഡി അറിയിച്ചു. തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ രാം പ്രകാശ് ജ്വല്ലറിയില്‍ നിന്നും. 2.23 ലക്ഷം രൂപയും, വൈഭവ് ജെയിന്‍ എന്ന സത്യേന്ദര്‍ ജയിനിന്റെ കൂട്ടാളിയില്‍ നിന്നും 20 ലക്ഷം രൂപയും, 1.80 കിലോ തൂക്കം വരുന്ന 133 സ്വര്‍ണ്ണ നാണയങ്ങളും ഇ ഡി പിടികൂടിയിരുന്നു. കള്ളപണ ഇടപാടില്‍ നേരിട്ടോ അല്ലാതെയോ പങ്കുള്ളവെരാണ് ഇവര്‍ ഇരുവെരുമെന്ന് ഇ ഡി അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, സത്യേന്ദ്ര ജയിനിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാന്‍ ഇരിക്കെയാണ് ഇ ഡി വീണ്ടും റെയ്ഡ് നടത്തിയത്. റെയ്ഡില്‍ കൂടുതല്‍ പണവും സ്വര്‍ണ്ണവും പിടികൂടിയ സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപിയും കോണ്‍ഗ്രസ്സും രംഗത്ത് വന്നു.
പരമബ്രഷ്ട അഥവാ ഏറ്റവും അഴിമതിക്കാരന്‍ എന്ന പുരസ്‌കാരം സത്യേന്ദ്ര ജയിന് നല്‍കണമെന്നും, കെജ്‌രിവാളിനെതിരെയും അന്വേഷണം നടത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്ത ആവശ്യപ്പെട്ടു. അതേസമയം ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയത്തില്‍ നടന്ന വന്‍ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിന് പരാതി നല്‍കിയിരിക്കുകയാണ്.