തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വർണ്ണക്കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളേറ്റെടുത്ത് പ്രതിപക്ഷം. കറൻസി കടത്തിലെ പങ്കിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം. ഗുരുതര ആരോപണങ്ങളിൽ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷത്തെ നേതാക്കൾ മുന്നോട്ട് വെക്കുന്നത്.
തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയുടെ ആരോപണമെന്നും മുഖ്യമന്ത്രിയും കുടുംബവും അഗ്നിശുദ്ധി വരുത്തണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. സ്വപ്നയുടെ ഗുരുതര ആരോപണങ്ങളോടെ രണ്ടാം ഇടത് സർക്കാരിന്റെ പ്രതിഛായ തകർന്നു. ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരും. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.