തിരുവനന്തപുരം : മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് മന്ത്രിയും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ ജീവിതപങ്കാളിയുമായ മുഹമ്മദ് റിയാസ്. പ്രതികരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രതികരിച്ചതാണ്. അത് തന്നെയാണ് പാർട്ടി നിലപാട്. അതിൽക്കൂടുതൽ തനിക്കൊന്നും പറയാനില്ല – മുഹമ്മദ് റിയാസ്.
”മുഖ്യമന്ത്രി പ്രതികരിച്ചു, പാർട്ടി സെക്രട്ടറി പ്രതികരിച്ചു. അതിലപ്പുറം എന്ത് പറയാനാ..”, എന്നായിരുന്നു ചിരിച്ചുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. ”ഇതിപ്പോൾ ആദ്യമായിട്ടല്ലല്ലോ..”, എന്നും റിയാസ്. പ്രതിഷേധങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അതൊക്കെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതാണല്ലോ എന്ന് ആവർത്തിച്ചു മന്ത്രി.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്തിപരമായിട്ടല്ലെന്ന് കേസ് പ്രതി സ്വപ്ന സുരേഷ് പാലക്കാട്ട് വാർത്താസമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. ആരാണ് മുഖ്യമന്ത്രി എന്നത് തന്‍റെ വിഷയമല്ല. താൻ വ്യക്തികളെക്കുറിച്ചാണ് പറഞ്ഞത്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ല. താൻ കേസുമായി ബുദ്ധിമുട്ടി ജീവിക്കുമ്പോൾ മിസിസ് കമല വിജയനും മിസിസ് വീണ വിജയനും സ്വൈര്യമായി, സ്വസ്ഥമായി ജീവിക്കുകയാണ് – സ്വപ്ന സുരേഷ് പറയുന്നു.