ആലപ്പുഴ : പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ ആലപ്പുഴ എസ്പിക്ക് ദേശീയ ബാലവകാശ കമ്മീഷന്‍റെ നോട്ടീസ്. ഈ മാസം 13ന് കമ്മീഷന് മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസ്. വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാകേണ്ടത്. കമ്മീഷന്‍റെ ആവശ്യപ്രകാരം എസ് പി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തില്‍ കേസെടുത്തെന്നും മുപ്പത് പേരെ അറസ്റ്റ് ചെയ്തെന്നും ആണ് മറുപടി നൽകിയിരുന്നത്. അതേസമയം, വിദ്വേഷ മുദ്രാവാക്യ കേസിനെ പ്രതിരോധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന നീക്കങ്ങളെ കര്‍ശനമായി നേരിടാനാണ് പൊലീസ് തീരുമാനം . കേസില്‍ ആദ്യഘട്ടത്തിലുണ്ടായ ജാഗ്രതക്കുറവ് ഗുരുതര പിഴവായി മാറിയ സാഹചര്യത്തിലാണ് സംഭവങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചനയടക്കംപൊലീസ് അന്വേഷിക്കുന്നത്. കോടതിയലക്ഷ്യ പ്രസംഗം നടത്തിയ പോപുലര്‍ ഫ്രണ്ട് നേതാവിനെ അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്ക് കൊണ്ടു വരുന്ന വഴിയിലുണ്ടായ പ്രതിഷേധം മുന്‍കൂട്ടി കാണുന്നതിലും പോലീസിന് വീഴ്ച പറ്റിയിരുന്നു.
തൃശൂര്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ആലപ്പുഴയിലേക്ക് കൊണ്ടു പോകും വഴി ആലുവയിലാണ് പ്രതിഷേധമുണ്ടായത്. വഴിയില്‍ അഞ്ചിടത്ത് പ്രതിയുമായി പോയ വാഹനങ്ങള്‍ തടയാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു. പൊലീസിന്‍റെ നീക്കങ്ങളും റൂട്ടും മുന്‍കൂട്ടിയറിഞ്ഞ് അതിവേഗം പ്രതിഷേധക്കാരെ സംഘടിപ്പിച്ച് പോപുലര്‍ ഫ്രണ്ട് നടത്തിയ നീക്കം അതീവ ഗൗരവമായാണ് പോലീസ് കാണുന്നത്. പ്രതിഷേധം മുന്നില്‍ കാണുന്നതില്‍ ഇന്‍റലിജന്‍സിനും വീഴ്ച പറ്റി. ചിലയിടത്ത് മുന്നോട്ട് പോകാനാകാതെ പത്ത് മിനിട്ടോളമാണ് പോലീസ് വാഹനം വഴിയില്‍ കുടുങ്ങിയത്.
പത്ത് വയസ്സുകാരന്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച പ്രകടനത്തിന്‍റെ സംഘാടകരായ വരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പല പ്രതികളും ആസൂത്രിതമായി ഒളിവില്‍ പോയതും തുടരന്വേഷണത്തിന് വെല്ലുവിളിയായിരിക്കുകയാണ്. സിഎഎ സമരത്തിനിടയിൽ നിന്ന് താൻ കേട്ട് പഠിച്ചതാണ് മുദ്രാവാക്യമെന്നാണ് കുട്ടി നൽകിയ മൊഴി. എന്നാൽ പത്ത് വയസ്സുകാരൻ ഈ രീതിയിൽ പറയുന്നതിന് പിന്നിൽ കൃത്യമായ പരിശീലനം കിട്ടിയിരിക്കാം എന്നാണ് പോലീസിന്‍റെ അനുമാനം. ഇക്കാര്യം കണ്ടു പിടിക്കാനാകാതെയും ഇരുട്ടില്‍ തപ്പുകയാണ് പോലീസ്.
വിദ്വേഷ മുദ്രാവാക്യം വിളിച്ച പ്രകടനം നടന്നിട്ടും ആദ്യ ദിവസങ്ങളില്‍ പോലീസ് ലാഘവത്തോടെയാണ് സംഭവത്തെ കണ്ടത്. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ പോലീസ് കേസ് എടുത്തത് മുന്നാം ദിവസമാണ്. ആലപ്പുഴയിലെ ബജ്രംഗ് ദള്‍ റാലിയുടേയും തുടര്‍ന്നു നടന്ന പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിന്‍റേയും ലക്ഷ്യം സാമുദായിക ചേരിതിരിവാണെന്ന് ബോധ്യമായിട്ടും നടപടിയെടുക്കാന്‍ വൈകിയെന്നതാണ്. പോലീസിനെതിരെയുള്ള പ്രധാന ആരോപണം. പോലീസിനെതിരെയും ജുഡീഷ്യറിക്കെതിരേയും പോപ്പുലര്‍ ഫ്രണ്ട് പ്രകോപനപരമായി പ്രതികരിച്ചതാണ് വിഷയം കൂടുതല്‍ ഗൗരവമാക്കിയത്. പോലീസിന്‍റെ വേട്ടയാടലാണ് നടക്കുന്നതെന്ന് ആരോപിച്ച് ന്യൂന പക്ഷ മേഖലയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന പ്രചരണവും കേന്ദ്ര ഇന്‍റലിജന്‍സ് നിരീക്ഷിക്കുന്നുണ്ട്.