മൂവാറ്റുപുഴ: പ്രതിസന്ധി മാറി വില ഉയർന്ന് പൈനാപ്പിൾ. 2013ന് ശേഷം പൈനാപ്പിളിന്‍റെ വില റെക്കോഡ് ഉയരത്തിലെത്തി. 53 രൂപയിലേക്കാണ് വില ഉയർന്നത്. രണ്ടാഴ്ച മുമ്പ് പൈനാപ്പിൾ വില തീരെ ഇടിഞ്ഞിരുന്നു. വിലയില്ലാതായതോടെ പൈനാപ്പിൾ തോട്ടത്തിൽ കിടന്നുനശിക്കുന്ന അവസ്ഥയും ഉണ്ടായി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം മഴ കനത്തതോടെയാണ് പൈനാപ്പിൾ തോട്ടത്തിൽ തന്നെ കിടന്നു നശിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളുമായി വിളവെടുക്കാൻ കഴിയാതെ 50,000 ടണ്ണിലേറെ പൈനാപ്പിളാണ് തോട്ടത്തിൽ തന്നെ കിടന്ന് നശിച്ചുപോയത്. ഇത് കർഷകർക്ക് വൻ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷവും പൈനാപ്പിൾ വില വളരെ താഴെയായിരുന്നു. വേനൽ ശക്തമായതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കടക്കം വൻ തോതിൽ ചരക്ക് കയറ്റിപ്പോകാൻ തുടങ്ങി. ഇതോടെ രണ്ടാഴ്ച മുമ്പ് വരെ 20 രൂപ മാത്രം ലഭിച്ച പൈനാപ്പിളിന് ഇത്തവണ 53 രൂപവരെ വിലയുയർന്നു. ഒമ്പത് വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന വിലയാണിത്.
പ്രതിസന്ധി മാറിയതോടെ വാഴക്കുളം മാർക്കറ്റിൽനിന്നും നിരവധി ലോഡ് ഉൽപന്നമാണ് ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റിപ്പോകുന്നത്. ഉത്തരേന്ത്യയിൽ വേനൽ ശക്തമായതോടെ ഉൽപന്നത്തിന് ഡിമാൻഡ് കൂടുകയാണ്. ഈ സാഹചര്യത്തിൽ വില ഇനിയും വർധിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.