തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഇരുന്നൂറോളം അസിസ്റ്റൻറുമാരെ നിയമിച്ചതിന് ഉത്തരവാദികളായവരെ കണ്ടെത്താനാവില്ലെന്നും ഉത്തരക്കടലാസുകൾ കാണാതായതിനു തെളിവുകൾ ലഭ്യമല്ലാത്തതുകൊണ്ട് കേസ് എഴുതി തള്ളണമെന്നും സംസ്ഥാന ക്രൈംബ്രാഞ്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ട് കോടതി അംഗീകരിച്ചില്ല. പുനരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി ജി.ഗോപകുമാർ നിർദ്ദേശിച്ചു. സർക്കാരിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കേസ് എഴുതിതള്ളാൻ തീരുമാനിച്ചത്.
ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണം ഹൈക്കോടതിയുടെ ഉത്തരവിനു വിരുദ്ധമാണെന്നും കോടതി നിർദ്ദേശിച്ച ആദ്യ റിപ്പോർട്ടിലെ ന്യൂനതകൾ പരിഹരിക്കുന്നതിനു പകരം വളരെ ഉദാസീനമായാണ് ക്രൈം ബ്രാഞ്ച് പുതിയ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. അപൂർണമായ റിപ്പോർട്ട് തിരികെ ഏൽപ്പിച്ചു മൂന്നു മാസത്തിനുള്ളിൽ ഹൈക്കോടതി നിർദ്ദേശിച്ചതു പ്രകാരമുള്ള റിപ്പോർട്ട് വിജിലൻസ് കോടതിക്കു സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ച് നേരത്തേ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. എന്നാൽ, പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് കുറ്റപത്രം റദ്ദാക്കി. നിയമനം ലഭിച്ചവരെകൂടി എതിർ കക്ഷികളാക്കി പുനരന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ പുതുതായി ഫയൽ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുനരന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ നിലനിൽക്കില്ലെന്ന നിയമോപദേശം ലഭിച്ചതുകൊണ്ട്, പുനരന്വേഷണം നടത്തി കുറ്റപത്രം നൽകുന്നതിനു പകരം കേസ് എഴുതിത്തള്ളാൻ ക്രൈംബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട അസിസ്റ്റന്റ്മാരുടെ നിയമനങ്ങൾ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ശരിവച്ച കാര്യവും എഴുതി തള്ളുന്നതിനു കാരണമായി റിപ്പോർട്ടിൽ പറയുന്നു. അസിസ്റ്റന്റ് നിയമനം ശരി വെച്ച സിംഗിൾബെഞ്ച് വിധിക്കെതിരായ അപ്പീൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്.
അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി സർവീസിൽ നിന്നും പിരിയുന്നതിനു തൊട്ടുതലേന്നാൾ കേസ് എഴുതി തള്ളിക്കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. പരാതിക്കാരനായ മുൻ സെനറ്റ് അംഗം സുജിത് എസ്. കുറുപ്പിന്റെ മൊഴിപോലും രേഖപ്പെടുത്താതെ അതീവ രഹസ്യമായിട്ടാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. സുജിത്.എസ്.കുറുപ്പ്, അഡ്വ.മൃദുൽ ജോൺ മാത്യു മുഖേന തടസഹർജി ഫയൽ ചെയ്യുകയായിരുന്നു. കേസ് പുനരന്വേഷണം നടത്തിയാലും ഉത്തര കടലാസ് കണ്ടെത്താനോ ഉത്തരക്കടലാസ് നശിപ്പിച്ചതിന് ഉത്തരവാദികളെ കണ്ടെത്താനോ സാധിക്കില്ലെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ നിലപാട്. 2008ലാണു കേസിന് ആസ്പദമായ നിയമനങ്ങൾ നടന്നത്. പരീക്ഷ എഴുതാത്തവർ പോലും റാങ്ക് പട്ടികയിൽ ഇടംപിടിച്ചുവെന്നും ഉത്തരക്കടലാസുകൾ നശിപ്പിച്ചശേഷം ഉയർന്ന റാങ്കുകൾ നൽകിയതായും മാർക്ക് സൂക്ഷിച്ചിരുന്ന വിസിയുടെ ലാപ്ടോപ് മോഷണം പോയതായും ഉപലോകായുക്ത അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.