പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സാക്ഷി കൂറുമാറി. കേസിലെ പത്താം സാക്ഷി ഉണ്ണികൃഷ്നാണു വിചാരണയ്ക്കിടെ കൂറുമാറിയത്. സംഭവം കണ്ടെന്നു താൻ ആദ്യം നൽകിയ മൊഴി പൊലീസ് നിർബന്ധിച്ച് എഴുതി വാങ്ങിയതാണെന്ന് ഉണ്ണികൃഷ്ണൻ കോടതിയിൽ അറിയിച്ചു.
കേസിലെ സാക്ഷികളെ പ്രതികൾ സ്വാധീനിച്ചു കൂറുമാറ്റിയതായി സംശയിക്കുന്നതായും മധുവിന്റെ കുടുംബാംഗങ്ങൾ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ബന്ധു കൂടിയായ പ്രധാന സാക്ഷിയെ പ്രതികളിലൊരാൾ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ സഹിതം അഗളി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
ഭരണത്തിലിരിക്കുന്ന പാർട്ടിയുമായി പ്രതികൾക്ക് അടുപ്പമുള്ളതായി സംശയിക്കുന്നതായും നീതി ലഭിച്ചില്ലെങ്കിൽ സമരവുമായി തെരുവിലിറങ്ങുമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. 2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദനത്തെത്തുടർന്നു കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ മണ്ണാർക്കാട് സ്പെഷൽ കോടതിയിൽ നടന്നുവരികയാണ്.