ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ മൂന്നാഴ്ചത്തെ സാവകാശം തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ചോദ്യംചെയ്യലിനു ബുധനാഴ്ച ഹാജരാകണമെന്നായിരുന്നു ഇഡി നൽകിയ സമൻസ്.
എന്നാൽ ജൂൺ 2നു കോവിഡ് സ്ഥിരീകരിച്ചതിനാൽ ഐസലേഷനിലാണെന്നും കോവിഡ് നെഗറ്റീവാകാതെ ഹാജരാകാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി സോണിയ ഗാന്ധി ചൊവ്വാഴ്ച ഇഡിക്കു കത്ത് നൽകിയതായാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും സമൻസ് അയയ്‌ക്കാൻ ഇഡി തീരുമാനിച്ചെന്നാണു വിവരം.
കള്ളപ്പണ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകൻ രാഹുൽ ഗാന്ധിക്കും ഇഡി നോട്ടിസ് അയച്ചിരുന്നു. രാഹുല്‍ ഗാന്ധി ഈ മാസം 13ന് ഹാജരാകും. ശക്തിപ്രകടനമായിട്ടായിരിക്കും രാഹുല്‍ ഇഡി ആസ്ഥാനത്ത‌് എത്തുകയെന്നാണു വിവരം. ഇതിനായി എഐസിസി ജനറല്‍ സെക്രട്ടറിമാരോടും പിസിസി അധ്യക്ഷന്മാരോടും എംപിമാരോടും ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെടുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച, ജനറല്‍ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്മാരുടെയും ഓണ്‍ലൈൻ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും.