മേക്കപ് ചെയ്ത് സ്റ്റൈലായി നടക്കാനിഷ്ടപ്പെടുന്നവർക്കു വേനൽക്കാലം ഒരു പേടി സ്വപ്നമാണ്. കഷ്ടപ്പെട്ടു ചെയ്ത മേക്കപ്പൊക്കെ ചൂടിലും വിയർപ്പിലും ഒലിച്ചു പോകും. ചർമത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലലോ. വെയിലും പൊടിയുമടിച്ച് ചർമത്തിന്റെ തിളക്കം മങ്ങിയിട്ടുണ്ടാകും. ചർമ സൗന്ദര്യം കാത്തു സൂക്ഷിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 5 സിംപിൾ ടിപ്സ് നൽകുകയാണ് ബ്യൂട്ടി കണ്ടന്റ് ക്രിയേറ്ററായ ആഷി അദാനി.
∙ ജലാംശം നിലനിർത്തുക: ആരോഗ്യസംരക്ഷണത്തിനു മാത്രമല്ല സൗന്ദര്യം കെടാതെ സൂക്ഷിക്കുവാനും വെള്ളം അത്യാവശ്യമാണ്. പ്രത്യേകിച്ചും വേനൽക്കാലത്ത്. ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്തുന്നതിനൊപ്പം മോയിസ്ച്യുറൈസർ ഉപയോഗിക്കാനും മറക്കരുത്. ജെൽ മോയിസ്ച്യുറൈസറുകളാണ് ചൂടു കാലത്ത് ഉത്തമം.
∙ ക്ലെൻസിങ്: വിയര്‍പ്പും പൊടിയും അടിഞ്ഞ് മുഖത്തെ സൂക്ഷ്മ ദ്വാരങ്ങൾ അടഞ്ഞു പോയിട്ടുണ്ടാകും. ഏതെങ്കിലും സ്ക്രബ് ഉപയോഗിച്ച് ദിവസവും രണ്ടു നേരം 30 സെക്കൻഡ് വീതം മസാജ് ചെയ്യുന്നത് നല്ലതാണ്.
∙ ബ്ലോട്ടിങ് പേപ്പർ: മേക്കപ് ചെയ്തു പുറത്തേക്ക് ഇറങ്ങുമ്പോൾ കൈയ്യിൽ കുറച്ച് ബ്ലോട്ടിങ് പേപ്പറുകൾ കരുതാൻ മറക്കേണ്ട. മേക്കപ് പടർന്നു പോകാതെ മുഖത്തെ എണ്ണമെഴുക്കും വിയർപ്പും ഒപ്പിയെടുത്ത് മുഖം ഫ്രഷായി നിലനിർത്താൻ ഇവ സഹായിക്കും. ബ്ലോട്ടിങ് പേപ്പർ ഇല്ലെങ്കിൽ കട്ടി കുറഞ്ഞ ടിഷ്യൂ പേപ്പറായാലും മതി.
∙ മറക്കരുത് സൺസ്ക്രീൻ: വീട്ടിൽ നിന്നു പുറത്തിറങ്ങുന്നതിന് 15 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിലും മുഖത്തും സൺസ്ക്രീൻ പുരട്ടിയിരിക്കണം. പൗഡർ രൂപത്തിലുള്ള സൺസ്ക്രീനാണ് മേക്കപ്പിനൊപ്പം നല്ലത്. വീടിനു പുറത്താണെങ്കിൽ 3 മണിക്കൂർ കൂടുമ്പോൾ സൺസ്ക്രീൻ വീണ്ടും ഉപയോഗിക്കാൻ മറക്കരുത്.
∙ ബൈ പറയാം ഹെവി മേക്കപ്പിന്: ഹെവി ഫൗണ്ടേഷനും കൺസീലറുകൾക്കും വേനൽക്കാലത്ത് അവധി നൽകാം. പകരം സിസി ക്രീമുകൾ ഉപയോഗിക്കാം. ദിവസം മുഴുവൻ ഫ്രഷായി തോന്നിപ്പിക്കാൻ ഇവയ്ക്കൊപ്പം ടിൻടെഡ് പൗഡർ ഉപയോഗിച്ചാൽ മതി.