മലപ്പുറം: പീഡന പരാതിയിൽ അറസ്റ്റിലായ മലപ്പുറത്തെ മുൻ അധ്യാപകൻ കെ വി ശശികുമാറിന് പോക്സോ ഉൾപ്പെടെ എല്ലാ കേസുകളിലും ജാമ്യം. നാല് കേസുകളിലാണ് പെരിന്തൽമണ്ണ കോടതി ജാമ്യം അനുവദിച്ചത്. പൂർവ വിദ്യാർത്ഥിനികളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസുകളില്‍ മഞ്ചേരി കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആറ് കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാർ ഉടൻ ജയിൽ മോചിതനാകും.
മലപ്പുറത്തെ സ്കൂളിൽ അധ്യാപകനായിരിക്കെ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് സിപിഎം നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയർന്നത്. നിരവധി പൂർവ വിദ്യാർത്ഥിനികളാണ് ശശികുമാരിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പോക്സോ നിയമം വരുന്നതിന് മുമ്പുണ്ടായ സംഭവം ചൂണ്ടിക്കാട്ടി നല്‍കിയ നാല് പരാതികളിൽ ഐപിസി 354 വകുപ്പായിരുന്നു പൊലീസ് ചുമത്തിയിരുന്നത്. ഈ കേസുകളിലാണ് ശശികുമാറിനെതിരെ ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാർ ഉടൻ ജയിൽ മോചിതനാകും. മുപ്പത് വർഷത്തോളം അധ്യാപനായിരുന്ന ശശികുമാർ മൂന്ന് തവണ നഗരസഭ കൗൺസിലർ കൂടി ആയിരുന്നു.
ആറാം ക്ലാസുകാരിയിരിക്കെ തന്‍റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായി കാണിച്ച് പെൺകുട്ടി നൽകിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഇയാൾ ഇതേ തരത്തിൽ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഇതിന് പിന്നാലെ നിരവധി പൂർവ വിദ്യാർത്ഥിനികള്‍ ആരോപണവുമായി രംഗത്തെത്തി. 1992 മുതലുള്ള പരാതികള്‍ ഇതിലുണ്ട്.