കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരായ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്ന സ്വപ്ന സുരേഷിന്‍റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിക്കുക. സുരക്ഷ ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് സ്വപ്ന അപേക്ഷ നൽകിയത്. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാൽ സുരക്ഷ വേണമെന്നുമാണ് സ്വപ്ന സുരേഷിന്‍റെ ആവശ്യം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകൾ വീണ, എം ശിവശങ്കർ, കെ ടി ജലീൽ അടക്കമുള്ളവർക്ക് വിദേശത്തേക്ക് കറൻസി കടത്തിയതിൽ പങ്ക് വെളിപ്പെടുത്തുന്നതാണ് സ്വപ്നയുടെ മൊഴി.
മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്നാണ് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമായിരുന്നു സ്വപ്നയുടെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തൽ.