കോഴിക്കോട് : ഒരിടവേളക്ക് ശേഷം സ്വർണ്ണക്കടത്തും കറൻസികടത്ത് കേസും വീണ്ടും ചർച്ചയാകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, കുടുംബാംഗങ്ങൾ, എം ശിവശങ്കർ, നളിനി നെറ്റോ തുടങ്ങിയ ഉദ്യോഗസ്ഥർ, മുൻ മന്ത്രി കെ ടി ജലീൽ എന്നിവർക്കെതിരെ കറസി കടത്ത് ആരോപണം സ്വപ്ന സുരേഷ് ഉന്നയിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നാലെ സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തതോടെ വിഷയം കൂടുതൽ കലുഷിതമായി. അന്വേഷണം വേണമെന്നും കറൻസി കടത്തിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
കേസ് അട്ടിമറിക്കാനാണ് സരിത്തിനെ വിജിലൻസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. ബിജെപി നേതാക്കൾക്ക് കേസ് അട്ടിമറിയിൽ പങ്കുണ്ട്. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ബി ജെ പി നേതാക്കളും കേന്ദ്ര ഏജൻസികളും ശ്രമിച്ചു. സിപിഎം- ബിജെപി ഒത്തുകളിയാണ് നടന്നത്. സ്വപ്നയുടെ ആരോപണത്തിൽ അന്വേഷണം നടക്കണം. മുഖ്യമന്ത്രിയും ശിവശങ്കറും പ്രതികൂട്ടിലാണ്. കേന്ദ്ര ഏജൻസികൾക്ക് മേൽ സമ്മർദ്ദം ഉണ്ടായി. ഇതിൽ ബിജെപി കേന്ദ്ര നേതൃത്വം മറുപടി പറയണം. ഏറ്റവും നല്ല ഏജൻസികളാണ് നമുക്ക് ഉള്ളത്. അവരെ തെറ്റിദ്ധരിക്കാനാവില്ല. അവരെ സ്വതന്ത്രമായി അന്വഷണം നടത്താൻ അനുവദിച്ചില്ല. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുമോയെന്ന് ആദ്യം തന്നെ ആശങ്ക ഉണ്ടായിരുന്നു. കേന്ദ്ര ഏജൻസികൾ അന്വേഷണം നടക്കുന്നതിനിടെ സെക്രട്ടേറിയേറ്റിൽ തീപിടുത്തം ഉണ്ടായി. ഇത് കേസ് അട്ടിമറിക്കാനായിരുന്നു. പ്രധാന തെളിവുകൾ നഷ്ടപ്പെട്ടു. ഇനി കേന്ദ്ര ഏജൻസികൾ എങ്ങനെ കേസ് തെളിയിക്കുമെന്നും മുല്ലപ്പള്ളി ചോദിച്ചു.